അഞ്ചുതെങ്ങിൽ ഒന്നാംപാലം റോഡിന്റെ  വീതി കൂട്ടി കോൺക്രീറ്റ് ചെയ്തതിൽ വ്യാപക പരാതി

അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് പഞ്ചായത്തിലെ നെടുങ്ങണ്ട, രണ്ടാം വാർഡിലെ ഒന്നാംപാലം റോഡിന്റെ വീതി കൂട്ടി കോൺക്രീറ്റ് ചെയ്തതിൽ വ്യാപക ആക്ഷേപം ഉയരുന്നു. റോഡിന്റെ ഇരുവശങ്ങളിൽ നിന്നും ചെറിയ താഴ്ചയിൽ മണ്ണ് മാറ്റി അതിൽ കോൺക്രീറ്റ് നിറക്കുകയായിരുന്നുവെന്നും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണോ എന്നത് അസിസ്റ്റന്റ് എഞ്ചിനീയർ വ്യക്തമാക്കണമെന്നും പ്രദേശവാസികൾ പറയുന്നു.

പല സ്ഥലങ്ങളിലും ഇലക്ട്രിക് പോസ്റ്റുകൾ കോൺക്രീറ്റിനുള്ളിൽ നിർത്തിയാണ് കോൺക്രീറ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാതെ വീതികൂട്ടിനൽകിയതു കൊണ്ട് ഈ പദ്ധതി ആസൂത്രണം ചെയ്തവർ ഉദ്ദേശിക്കുന്നത് എന്താണെന്നും നാട്ടുകാർ ചോദിക്കുന്നു. മാത്രവുമല്ല പല സ്ഥലങ്ങളിലും ഇരു വശങ്ങളിലേയും സ്ലോപ്പ് റോഡിലെക്ക് ആണ്, അതുകൊണ്ട് തന്നെ റോഡിൽ മഴക്കാലങ്ങളിൽ വെള്ളം കെട്ടിനിൽക്കാൻ ഇത്‌ കാരണമാകും. വികസനങ്ങൾ നടത്തുകയാണെന്നത് ജനങ്ങളെ ബോധ്യപ്പെടുത്തുവാൻ വേണ്ടി മാത്രമാണ് ആർക്കും ഒരു ഉപകാരവും ഇല്ലാത്ത ഈ പദ്ധതി ഇപ്പോൾ നടപ്പിലാക്കുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്.