തകര ഷെഡിന് പകരം അടച്ചുറപ്പുള്ള അങ്കണവാടി വരുന്നു

അഞ്ചുതെങ്ങ്: കുരുന്നുകൾക്ക്‌ ഇനി തകര ഷെഡിൽ കഴിയേണ്ട. അടച്ചുറപ്പുള്ള കെട്ടിടം വരുന്നു. അഞ്ചുതെങ്ങ് പഞ്ചായത്ത് ആറാം വാർഡിലെ പത്താംനമ്പർ അങ്കണവാടിയിലെ കുട്ടികളുടെ ദുരിതത്തിന് പരിഹാരമായാണ് കെട്ടിടം നിർമാണം.  തകര ഷെഡിലെ വരാന്തയിലായിരുന്നു അങ്കണവാടി പ്രവർത്തിച്ചുകൊണ്ടിരുന്നത്.

ചിറയിൻകീഴ്  ബ്ലോക്ക് പഞ്ചായത്ത്‌ വികസന ഫണ്ടിൽ ഉൾപ്പെടുത്തി നാല് സെന്റ്‌ കെട്ടിടം നിർമിക്കുന്നതിന് വാങ്ങി. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഐസിഡിഎസ് സഹകരണത്തോടെ  കെട്ടിടം നിർമിക്കുന്നതിന്‌ നടപടികളാരംഭിച്ചു. വാർഡ് അംഗം  പ്രവീൺചന്ദ്ര,  ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ എന്നിവർ കെട്ടിടനിർമാണത്തിനായി ഇടപെട്ടിരുന്നു. പഞ്ചായത്ത് പ്രസിഡന്റ്‌ ക്രിസ്റ്റി സൈമൺ കെട്ടിടനിർമാണത്തിന് തറക്കല്ലിട്ടു.