അമ്പലങ്ങളിലെ ഉത്സവത്തോടെ അന്നശ്രീ പദ്ധതി വിഭവസമൃദ്ധമായി

ചിറയിൻകീഴ് : അമ്പലങ്ങളിൽ ഉത്സവങ്ങളാരംഭിച്ചതോടുകൂടി ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ അന്നശ്രീ പദ്ധതിവിഭവ സമൃദ്ധമായി. ഉത്സവത്തോടനുബന്ധിച്ച് എല്ലാ അമ്പലങ്ങളിലും ആയിരക്കണക്കിനു ഭക്തർക്ക്സമൂഹസദ്ധ്യ ഒരുക്കുന്നുണ്ട്.ഇതിൽ നിന്നും ഒരു ഭാഗമാണ് താലൂക്കാശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണമെത്തിക്കുന്നത്. അന്നശ്രീ പദ്ധതി 1040 ദിവസം പിന്നിട്ടു.സ്കൂളുകൾ, കോളേജുകൾ, ആരാധനാലയങ്ങൾ, സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ, ക്ലബ്ബുകൾ, സന്നദ്ധ സംഘടനകൾ, റസിഡൻസ് അസോസിയേഷനുകൾ, ലയൺസ് ക്ലബ്ബുകൾ, വ്യക്തികൾ എന്നിവരാണ് ഭക്ഷണമെത്തിക്കുന്നത്.ഫെബ്രുവരി 3 മുതൽ 12 വരെ ഭക്ഷണമെത്തിക്കുന്നത് കടയ്ക്കാവൂർ ആയാന്റെ വിള ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ്. ഭക്ഷണ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ, ആർ.കെ.ബാബു, കെ.ശിവദാസൻ ക്ഷേത്രോത്സവ കമ്മിറ്റി ഭാരവാഹികളായ സുരേഷ് കുമാർ, ഗിരിലാൽ ,പ്രതാപൻ, റാണ വിക്രമൻ, സുനിൽകുമാർ, സുജിത്ത്, ശ്രീജിത്ത് , അജിത്ത് തുടങ്ങിയവർ പങ്കെടുത്തു.