ആറ്റിങ്ങലിൽ പുതിയ വെളിച്ചെണ്ണ പ്ലാന്റും അഗ്രിമാളും വരുന്നു.

ആറ്റിങ്ങൽ : ആറ്റിങ്ങൽ മാമത്തെ നാളികേര കോംപ്ലക്സിൽ പ്രതിദിനം 30 മെട്രിക് ടൺ ഉത്പാദന ശേഷിയുള്ള വെളിച്ചെണ്ണ പ്ലാന്റ് സ്ഥാപിക്കുമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ നിയമസഭയിൽ പറഞ്ഞു. നിലവിൽ ആയിരം ലിറ്ററിന്റെ വെർജിൻ കോക്കനട്ട് ഓയിൽ പ്ലാന്റ് മാത്രമാണുള്ളത്. 4 കോടി ചെലവിൽ ഇന്റഗ്രേറ്റഡ് കോക്കനട്ട് കോംപ്ലക്സ് സ്ഥാപിക്കും. ഇതോടൊപ്പം 4000 ചതുരശ്രയടി വിസ്തൃതിയിൽ അഗ്രി മാളും സ്ഥാപിക്കുമെന്ന് ബി.സത്യന്റെ സബ്‌മിഷന് മന്ത്രി മറുപടി നൽകി. ഇതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ദേശീയപാതയിൽ നാളികേര കോംപ്ലക്സിനടുത്ത് ആവശ്യമായ സ്ഥലസൗകര്യവും പാർക്കിംഗ് സൗകര്യവും ലഭ്യവുമാണ്. ഈ സാഹചര്യത്തിലാണ് അവസരം പ്രയോജനപ്പെടുത്തി കാർഷിക ഉത്പന്നങ്ങളുടെ വില്പനയ്ക്ക് അഗ്രി മാൾ സംവിധാനം ലഭ്യമാക്കുന്നത്.