കൊടുമൺ മഹാദേവ ക്ഷേത്രത്തിനടുത്ത് സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ചു : രണ്ടു പേർക്ക് പരിക്ക്

ആറ്റിങ്ങൽ : ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ആറ്റിങ്ങൽ ചിറയിൻകീഴ് റോഡിൽ കൊടുമൺ മഹാദേവ ക്ഷേത്രത്തിനടുത്ത് സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു. ചിറയിൻകീഴ് സ്വദേശികളായ പ്രദീപ്‌, രാജേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന്‌ വൈകുന്നേരം 6 അര മണിയോടെയാണ് സംഭവം. ആറ്റിങ്ങൽ ചിറയിൻകീഴ് റോഡിൽ കൊടുമൺ മഹാദേവ ക്ഷേത്രത്തിനടുത്തുള്ള വളവ് കഴിഞ്ഞു വരവെയാണ് ബസ്സും സ്കൂട്ടറും ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഒരാൾ ധരിച്ചിരുന്ന ഹെൽമെറ്റ്‌ ഊരിത്തെറിച്ചു. തുടർന്ന് രണ്ടു പേരിൽ ഒരാൾ റോഡിലേക്കും മറ്റൊരാൾ ബസ്സിന്റെ ടയറിന്റെ ഭാഗത്തേക്കും വീണു. അയാളുടെ കയ്യിലോ കാലിലോ ബസിന്റെ ടയർ കയറി എന്നും നാട്ടുകാർ പറയുന്നു. തുടർന്ന് അതുവഴി അപ്പോൾ വന്ന കടയ്ക്കാവൂർ പോലീസ് അവരുടെ ജീപ്പിൽ പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ നിന്നും അവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. സ്കൂട്ടർ അമിത വേഗതയിൽ ആയിരുന്നതായും മദ്യപിച്ചിരുന്നോ എന്ന് സംശയം ഉണ്ടെന്നും ദൃക്‌സാക്ഷികൾ പറയുന്നു. ആറ്റിങ്ങൽ പോലീസ് മേൽനടപടി സ്വീകരിച്ചു.