യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു: സംഭവം ആറ്റിങ്ങലിൽ

ആറ്റിങ്ങലിൽ : യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ആറ്റിങ്ങൽ കടുവയിൽ സ്വദേശികളായ സന്തോഷും ശാന്തികൃഷ്ണയുമാണ് മരിച്ചത്. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവം. സന്തോഷും ശാന്തികൃഷ്ണയും അയൽവാസികളാണ്. ശാന്തികൃഷ്ണയുടെ ഭർത്താവ് വിദേശത്താണ്. രണ്ട് മക്കളും പഠിക്കാൻ പോയിരുന്ന സമയത്താണ് സന്തോഷ് ശാന്തികൃഷ്ണയുടെ വീട്ടിലെത്തിയത്. സന്തോഷിന്റെ ഭാര്യയും കുട്ടികളും ബന്ധുവിട്ടീൽ പോയിരുന്നു. ശാന്തികൃഷ്ണയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം സന്തോഷ് പുതുതായി നിർമ്മിക്കുന്ന വീട്ടിൽ തൂങ്ങി മരിച്ചുവെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തില്‍ ആറ്റിങ്ങൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.കൊലപാതത്തിന്റെ കാരണം വ്യക്തമല്ല. മറ്റ് കുറിപ്പുകളൊന്നും കിട്ടിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ഇരുവരും അടുപ്പത്തിലായിരുന്നുവെന്ന് അയൽവാസികളുടെ മൊഴി കിട്ടിയതായി പൊലീസ് പറഞ്ഞു. ഇത് ഇരുവീട്ടിലും പ്രശ്നമായപ്പോൾ റസിഡൻസ് അസോസിയേഷൻ ഇടപെട്ടിരുന്നു. ഇന്ന് രാവിലെ ശാന്തികൃഷ്ണയുടെ വീട്ടിന് മുന്നിൽ സന്തോഷ് ഫോണിൽ സംസാരിച്ച് നിൽക്കുന്നത് പലരും കണ്ടിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

ഇരുവരുടേയും മൃതദേഹം ഇൻക്വസ്റ്റ് പൂർത്തിയാക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നാളെ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും. വിശദമായ അന്വേഷണത്തിന് ശേഷമേ കാരണമെന്തെന്ന് പറയാൻ കഴിയൂവെന്ന് ആറ്റിങ്ങൽ പൊലീസ് വ്യക്തമാക്കി