കൊറോണയ്ക്കെതിരെ പ്രതിരോധ ക്യാമ്പെയ്നുമായി ചെമ്മരുതി ഗ്രാമപഞ്ചായത്ത്

ചെമ്മരുതി : ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ കൊറോണ വൈറസിനെതിരെയുള്ള ക്യാമ്പയിൻ്റെ ഉദ്ഘാടനം കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് എം.എച്ച് സലിം നിർവഹിച്ചു. ‘തൂവാല ഒരു ചെറിയ തുണി അല്ല’ എന്ന പേരിലാണ് ക്യാമ്പെയ്ൻ സംഘടിപ്പിക്കുന്നത്. വായുവിലൂടെ പകരുന്ന ഒരു രോഗമാണ് കൊറോണ. ചുമ, തുമ്മൽ മറ്റു ശരീര സ്രവങ്ങൾ എന്നിവ വഴിയാണ് വൈറസ് സമൂഹത്തിൽ വ്യാപിക്കുന്നത്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൈയിൽ കരുതിയാൽ വൈറസ് വായുവിൽ കലരുന്നത് തടയാൻ കഴിയും. കൈ വെള്ള മറച്ച് ചുമയ്ക്കുകയോ തുമ്മുകയോ ചെയ്താൽ ഹസ്തദാനത്തിലൂടെയും മറ്റും നിരവധി പേർക്ക് രോഗം പടർത്താൻ ഇടയാകും. ഇടയ്ക്കിടെ കൈ കഴുന്നത് ഒരു ശീലമാക്കാൻ വിദ്യാർത്ഥികൾക്കും പൊതുസമൂഹത്തിനും ബോധവൽക്കരണം നടത്താനും ഈ ക്യാമ്പെയ്നിലൂടെ ലക്ഷ്യമിടുന്നു. രോഗത്തെ പ്രതിരോധിക്കാൻ വാക്സിനോ രോഗ ചികിത്സയ്ക്ക് കൃത്യമായ മരുന്നുകളോ ഇല്ലാത്ത സാഹചര്യത്തിൽ രോഗം പകരുന്ന വഴികൾ തടയുക മാത്രമാണ് ഏക മാർഗം. ക്യാമ്പെയ്ൻ്റെ ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷൻ ജയസിംഹൻ അദ്ധ്യക്ഷത വഹിച്ചു. എഫ്.എച്ച്.സി മെഡിക്ക ഓഫീസർ ഡോ. അൻവർ അബ്ബാസ് മുഖ്യ പ്രഭാഷണം നടത്തി.ഡോ.സുജ, പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ അരുണ എസ്.ലാൽ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീലേഖ കുറുപ്പ്, ജെസി, തങ്കപ്പൻ, ബീന, ജയലക്ഷ്മി, വിജയ, സുഭാഷ് , ഹെൽത്ത് ഇൻസ്പെക്ട കെ.ആർ ഗോപകുമാർ, ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സ് സുമിയ തുടങ്ങിയവർ സംസാരിച്ചു.