2020 നവംബറിൽ സിഎഫ്എൽ -ഫിലമെന്റ് ബൾബുകൾ പൂർണമായി നിരോധിക്കും : ധനമന്ത്രി

വൈദ്യുതി അപടകങ്ങൾ കുറക്കാൻ ബജറ്റിൽ ഇ-സേഫ് പദ്ധതി പ്രഖ്യാപിച്ച ധനമന്ത്രി തോമസ് ഐസക് സിഎഫ്എൽ ബൾബുകൾ നിരോധിക്കുമെന്നും പറഞ്ഞു. 2020 നവംബറിൽ സിഎഫ്എൽ -ഫിലമെന്റ് ബൾബുകൾ പൂർണമായി നിരോധിക്കുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചത്. തെരുവുവിളക്കുകൾ പൂർണമായും എൽഇഡിയിലേക്ക് മാറും.

500 മെഗാവാട്ട് വൈദ്യുതി അധികമായി ഉത്പാദിപ്പിക്കും. ട്രാൻസ്മിഷൻ ലൈനുകൾ പണിയുന്നത് വഴി കേരളത്തിൽ വൈദ്യുതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരമാകും. കൊച്ചി- ഇടമൺ ഇടനാഴിയിലൂടെ കൊണ്ടുവരാൻ കഴിയുന്ന വൈദ്യുതി 200 മെഗാവാട്ട് സ്ഥാപിതശേഷി വൈദ്യുതിക്ക് തുല്യമാണ്. പതിനായിരം കോടി രൂപയുടെ മറ്റൊരു പദ്ധതി ആരംഭിച്ചിട്ടുണ്ട്. 2000 മെഗാവാട്ട് സ്ഥാപിത ശേഷി വൈദ്യുതിക്ക് തുല്യമായ വൈദ്യുതി പുറത്തുനിന്ന് കൊണ്ടുവരാനും 2040 വരെയുള്ള വൈദ്യുതി ആവശ്യങ്ങൾ തൃപ്തിപ്പെടുത്താനും ഇതുവഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ വോൾട്ടേജ് ക്ഷാമവും പവർകട്ടും പഴങ്കഥയാകും.