ബനാന ഫാം വികസനത്തിന് ഒരു കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു.

പെരിങ്ങമ്മല : പെരിങ്ങമ്മല ബനാന ഫാം വികസനത്തിന് കൃഷി വകുപ്പ് മന്ത്രി സുനിൽ കുമാർ ഒരു കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു. മന്ത്രി ഇന്നലെ ഫാം സന്ദർശിച്ചപ്പോഴായിരുന്നു പ്രഖ്യാപനം. അതോടൊപ്പം തൊഴിലാളികളുടെ ചിരകാല അഭിലാഷമായിരുന്ന ദിവസവേതനക്കാർക്ക് 15 ദിവസം മാത്രമായിരുന്ന തൊഴിൽ ദിനം 26 ദിവസമായി വർദ്ധിപ്പിക്കുകയും ചെയ്തു. കൂടാതെ ഫാം ടൂറിസം വർദ്ധിപ്പിക്കുന്നതോടൊപ്പം ഫാം ഉത്പന്നങ്ങൾ ബ്രാൻഡഡ് ഉത്പന്നങ്ങളായി മാറ്റി വിപണിയിൽ എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.ജീവനക്കാർക്കായി കൂടുതൽ ടോയ്ലറ്റുകൾ, വിശ്രമസങ്കേതം എന്നിവ അടിയന്തരമായി നിർമ്മിക്കുന്നതിനും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കാനും നിർദ്ദേശം നൽകി. തരിശായി കിടക്കുന്ന മുഴുവൻ ഭൂമിയും കൃഷിയോഗ്യമാക്കി ഫാം ലാഭകരമാക്കുന്നതിനുള്ള നിർദ്ദേശങ്ങളും അദ്ദേഹം നൽകി.

മന്ത്രിയോടൊപ്പം ഡി.കെ. മുരളി എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് പി.ചിത്രകുമാരി, വൈസ് പ്രസിഡന്റ് കുഞ്ഞുമോൻ, പഞ്ചായത്ത് മെമ്പർമാർ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ,​ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവരും ഉണ്ടായിരുന്നു.