വായനയെ ആഘോഷമാക്കിയ ‘ബെസ്റ്റ് റീഡർ’ മത്സരത്തിന് വർണാഭമായ പരിസമാപ്തി

ചിറയിൻകീഴ് : വായനയെ ആഘോഷമാക്കി കൂന്തള്ളൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ സംഘടിപ്പിച്ച സ്കൂൾ തല വായന മത്സരമായ ‘ബെസ്റ്റ് റീഡർ’ റിയാലിറ്റി ഷോയ്ക്ക് ആവേശഭരിതമായ പരിസമാപ്തി.

ഗ്രാൻഡ് ഫിനാലെയിലെ വിജയികൾക്കുള്ള പുരസ്‌കാരം സ്കൂൾ അങ്കണത്തിൽ വച്ച് വൈസ് പ്രിൻസിപ്പൽ സലീനയുടെ അധ്യക്ഷതയിൽ 11.02.2020 ന് നടന്ന ചടങ്ങിൽ വച്ച് യുവ കവിയും സാമൂഹിക പ്രവർത്തകനുമായ രാധാകൃഷ്ണൻ കുന്നുംപുറം സമ്മാനിച്ചു.

തുടർച്ചയായി ആറു മാസം നീണ്ട മത്സരത്തിനൊടുവിൽ ഗ്രാൻഡ് ഫിനാലെയിൽ എത്തിയ ഒന്നു മുതൽ അഞ്ച് വരെ സ്ഥാനങ്ങൾ നേടിയ പ്രേംഷിത ( ഒന്നാം സ്ഥാനം), കൃഷ്ണദത്ത് (രണ്ടാം സ്ഥാനം) ബീഗം ഹസ്ന (മൂന്നാം സ്ഥാനം), അഭിജ(നാലാം സ്ഥാനം) മുഹമ്മദ്‌ അഫ്സൽ (അഞ്ചാം സ്ഥാനം) എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്.

സ്കൂളിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ ‘ഓർമ 95’ നൽകിയ ക്യാഷ് പ്രൈസുകളും വിജയികൾക്ക് ചടങ്ങിൽ വിതരണം ചെയ്തു.

പുതു തലമുറയിൽ വായനയുടെ നവ്യാനുഭവങ്ങൾ നൽകുന്ന ബെസ്റ്റ് റീഡർ മാതൃകയിലുള്ള മത്സര രീതികൾ തുടർന്നും മുന്നോട്ട് കൊണ്ട് പോകണമെന്ന് ചടങ്ങിൽ മുഖ്യ പ്രഭാഷണം നിർവഹിച്ച രാധാകൃഷ്ണൻ കുന്നുംപുറം അഭിപ്രായപ്പെട്ടു. ഇത്തരം സർഗാത്മക പരീക്ഷണങ്ങൾ മലയാള ഭാഷയുടെ പരിപോഷണത്തിന് കൂടി സഹായകരമാകുമെന്നും അദ്ദേഹം വിലയിരുത്തി.

സ്കൂൾ അധ്യാപകരും ബെസ്റ്റ് റീഡർ റിയാലിറ്റി ഷോ ജഡ്ജുരുമായിരുന്ന  വിനോദ്,  രശ്മി ഗോപാലകൃഷ്ണൻ, ഷൈനി ഒ.എം എന്നിവർക്കും ചടങ്ങിൽ ഉപഹാരങ്ങൾ നൽകി.

ഓർമ 95 കൂട്ടായ്മയുടെ പ്രതിനിധികളായ വിജി, മനു സുരേന്ദ്രൻ, താജുദീൻ എസ്, താഹ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. മുൻ പിടിഎ വൈസ് പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ ജഹാൻഗീർ നന്ദി രേഖപ്പെടുത്തി.