ചെമ്മരുതിയിൽ കൈ കഴുകാൻ ഇനി മണി മുഴങ്ങും

ചെമ്മരുതി : ചെമ്മരുതിയിൽ കൈ കഴുകാൻ ഇനി മണി മുഴങ്ങും.കൊറോണ വൈറസിനെ പ്രതിരോധിക്കാനായി ഇടയ്ക്കിടെ കൈകഴുകുന്ന ശീലം കുട്ടികളിൽ വളർത്തിയെടുക്കാൻ ചെമ്മരുതി പഞ്ചായത്ത്‌ ഒരുങ്ങുന്നു. ചെമ്മരുതി പഞ്ചായത്തിലെ സ്കൂളുകളിൽ കൃത്യമായ ഇടവേളകളിൽ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുന്നതിനായി സ്കൂളുകളിൽ മണിമുഴങ്ങും. ശാസ്ത്രീയമായി കൈ കഴുകുന്ന രീതികളെ കുറിച്ചു ഇതിനകം പരിശീലനം നൽകി കഴിഞ്ഞതായി പഞ്ചായത്ത് പ്രസിഡന്റ്‌ എ.എച്ച് സലിം പറഞ്ഞു. സ്കൂൾ അധികൃതരുമായി ഒരുവട്ടം കൂടി ചർച്ചകൾ പൂർത്തിയാക്കി പദ്ധതി ഉടൻ നടപ്പിലാക്കും.

കൊറോണ വൈറസ് ബാധയെ ചെറുക്കാൻ ഇന്ന് ഏഴു സ്കൂളുകളിലെ അസ്സംബ്ലികളിൽ കുട്ടികൾ പ്രതിജ്ഞ ചൊല്ലി. ഈ വൈറസ് ബാധയെ പ്രതിരോധിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് അവർ പ്രതിജ്ഞ എടുത്തു. ശുചിത്വം പാലിക്കുമെന്നും സർക്കാരിനും ആരോഗ്യവകുപ്പിനുമൊപ്പം ജാഗ്രതയോടെ തങ്ങളും പ്രവർത്തിക്കുമെന്നും അവർ പ്രതിജ്ഞയിൽ ഏറ്റുപറഞ്ഞു.

ചാവടിമുക്ക് എസ്.എൻ.വി എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് അജിതകുമാരി പ്രതിജ്ഞ ചൊല്ലിക്കടുത്തു. എഎംഎൽപിഎസ് കോവൂർ, ഗവണ്മെന്റ് എൽപിഎസ് പനയറ, ഗവണ്മെന്റ് എൽപിഎസ് ശ്രീനിവാസപുരം, ജ്യോതിസ് സ്കൂൾ, ആർ.കെ.എം.യു.പി.എസ് മുത്താന എന്നീ സ്കൂളുകളിലാണ് സ്കൂൾ അസ്സംബ്ലികളിൽ പ്രതിജ്ഞ എടുത്തത്. വിവിധ സ്കൂളുകളിൽ നടന്ന പ്രതിജ്ഞ എടുപ്പിനു ഹെൽത്ത്‌ ഇൻസ്‌പെക്ടർ കെ.ആർ ഗോപകുമാർ, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ സരിത, ശ്യാമ, ജൂനിയർ പബ്ലിക് ഹെൽത്ത്‌ നഴ്സുമാരായ ബി. സുജ, ഗീതകുമാരി, സുമിയ, അശ്വതി, സ്കൂൾ അധ്യാപകർ എന്നിവർ നേതൃത്വം നൽകി.