പൊന്മുടിയിൽ ബസിൽ എത്തുന്ന സഞ്ചാരികൾ പാസ് എടുക്കണം: കോൺഗ്രസ്‌ ധർണ നടത്തി

വിതുര: പൊന്മുടിയിൽ ബസിൽ എത്തുന്ന സഞ്ചാരികൾക്ക് പാസ് ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് യൂത്ത്കോൺഗ്രസ് അരുവിക്കര നിയോജകമണ്ഡലം കമ്മിറ്റി ധർണ നടത്തി. ഇതുമൂലം കെ.എസ്.ആർ.ടി.സി. ബസുകളിൽ എത്തുന്ന സഞ്ചാരികൾ സന്ദർശനം നടത്താതെ മടങ്ങുന്നു എന്ന് ആരോപിച്ചായിരുന്നു ധർണ.

പാസ് സമ്പ്രദായം നിർത്തലാക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. സഞ്ചാരികളെ 12 കിലോമീറ്റർ ഇപ്പുറം കല്ലാർ ഗോൾഡൻവാലിയിൽ തടഞ്ഞ് ശരീരപരിശോധന നടത്തുന്നതായും അമിതമായി പിരിക്കുന്ന തുക ഉദ്യോഗസ്ഥർ അനധികൃതമായി വിനിയോഗിക്കുന്നുവെന്നും അവർ ആരോപിച്ചു. കുളച്ചിക്കര എസ്റ്റേറ്റിലേക്കും കറുപ്പസ്വാമി ക്ഷേത്രത്തിലേക്കും വരുന്നവരിൽനിന്നുപോലും പണം പിരിക്കുകയാണെന്ന് പ്രവർത്തകർ പറഞ്ഞു.

ആറ്റിങ്ങൽ പാർലമെൻറ് വൈസ് പ്രസിഡൻറ് എൽ.കെ.ലാൽറോഷിൻ ഉദ്ഘാടനം ചെയ്തു. പീരുമുഹമ്മദ്, ഷിബുരാജ്‌, പി.എസ്. അജീഷ് നാഥ്‌, അൻസർ തൊളിക്കോട്, സുബിൻസുദർശൻ അജു.കെ.മധു, പ്രേംഗോപകുമാർ, വിപിൻ ഉഴമലയ്ക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.