ടെക്നോസിറ്റിക്ക് മുൻവശം പഞ്ചായത്തിന്റെ മുന്നറിയിപ്പ് ബോർഡ്‌ തകർത്ത് കക്കൂസ് മാലിന്യം തള്ളി

അണ്ടൂർക്കോണം : അണ്ടൂർകോണം ഗ്രാമ പഞ്ചായത്ത് പരിധിയിൽ ടെക്നോസിറ്റി ഗേറ്റിന് മുൻവശം ദേശീയ പാതയിൽ ഗ്രാമ പഞ്ചായത്തിന്റെ മുന്നറിയിപ്പ് ബോർഡ് തകർത്ത് അതിന് ചുവട്ടിൽ തന്നെ കക്കൂസ് മാലിന്യം തള്ളുന്നു. ദിവസങ്ങളായി ഇവിടെ ഈ അവസ്ഥ തുടരുകയാണ്. കക്കൂസ് മാലിന്യ നിക്ഷേപത്തിനൊപ്പം ഇറച്ചി വേസ്റ്റും മറ്റു മാലിന്യങ്ങളും തള്ളുന്നുണ്ട്.

മാലിന്യം നിക്ഷേപിക്കരുതെന്നും ക്യാമറ നിരീക്ഷണം ഉണ്ടെന്നും അറിയിച്ചു കൊണ്ട് പഞ്ചായത്ത്‌ സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡ്‌ ഒടിച്ചു മടക്കിയ നിലയിൽ അവിടെ തന്നെ കിടക്കുന്നുണ്ട്. അതിന്റെ ചുവട്ടിൽ തന്നെ വിരോധാഭാസവും കാണിച്ചു വെച്ചിട്ടുണ്ട്. കക്കൂസ് മാലിന്യം നിക്ഷേപിച്ചതിനാൽ ഇതുവഴി മൂക്ക് പൊത്തി കടന്നു പോകണം. ദേശീയ പാതയിൽ ഇത്രത്തോളം മോശമായ ഒരു അവസ്ഥ ഉണ്ടാകുന്നത് വളരെ ദയനീയമാണ്. രാത്രിയുടെ മറവിൽ ടാങ്കറുകളിൽ എത്തി കക്കൂസ് മാലിന്യം നിക്ഷേപിച്ചു കടന്നു കളയുന്ന സംസ്കാര ശൂന്യരും സാമൂഹിക വിരുദ്ധരും ജനങ്ങളുടെ ശാപമേറ്റ് തീരും എന്നാണ് യാത്രക്കാർ പറയുന്നത്. അടിയന്തിരമായി പഞ്ചായത്തും ഉദ്യോഗസ്ഥരും മാലിന്യ നിക്ഷേപം തടയാനുള്ള കടുത്ത വഴികൾ കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ഈ പ്രദേശത്ത് തെരുവ് വിളക്കുകൾ സ്ഥാപിക്കാൻ അധികാരികൾ മുൻകൈ എടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.