ഡി.വൈ.എഫ്.ഐയുടെ സൗജന്യ പി എസ് സി കോച്ചിംഗ് സെന്റര്‍ നാളെ ആരംഭിക്കും

കിളിമാനൂർ: നിർദ്ധന യുവതി യുവാക്കളുടെ സ്വന്തമായി ഒരു സർക്കാർ ജോലി എന്ന സ്വപ്നത്തിന് കൈത്താങ്ങുമായി ഡി വൈ എഫ് ഐ കിളിമാനൂർ ബ്ലോക്ക് കമ്മറ്റി. ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന സൗജന്യ പി എസ് സി കോച്ചിംഗ് സെന്ററിന്റെ ഉദ്ഘാടനം ബുധനാഴ്ച നടക്കും. കിളിമാനൂർ പുതിയകാവ് ഗവ. എൽ പി എസിന് സമീപം പ്രവർത്തിക്കുന്ന ഹരിശ്രീ ഇംഗ്ലീഷ് മീഡിയം ട്യൂഷൻ സെന്ററിലാണ് കോച്ചിംഗ് കേന്ദ്രം പ്രവർത്തിക്കുക. ഒരു സർക്കാർ ജോലി എന്ന സ്വപ്നം നിറവേറ്റാൻ പുതിയ സിലബസ് പ്രകാരം കോച്ചിംഗ് സെന്ററുകളുടെ സേവനം കൂടാതെ കഴിയില്ലായെന്ന നിലയാണ്. എന്നാൽ വലിയ ഫീസ് നൽകി കോച്ചിംഗ് ക്ലാസുകളിൽ പോകാൻ കഴിയാതെ വിഷമിക്കുന്നവർക്ക് ഒരു കൈത്താങ്ങുമായാണ് ഡി വൈ എഫ് ഐ ക്ലാസുകളുമായി രംഗത്തുവന്നിരിക്കുന്നത്. വിവിധ മത്സര പരീക്ഷകളിലെ പി എസ് സി സിലബസിലെ എല്ലാ ക്ലാസുകളും ഇടകലർത്തിയാണ് ക്ലാസുകൾ ഒരുക്കുക. മികച്ച അധ്യാപകരുടെ സേവനവും ക്ലാസുകളിൽ ലഭിക്കും. ആദ്യക്ലാസ് ബുധനാഴ്ച ആരംഭിക്കും. രാവിലെ 10ന് കേരളീയ നവോത്ഥാനം എന്ന വിഷയത്തിൽ മുൻ സിന്റിക്കേറ്റംഗവും ഡി വൈ എഫ് ഐ സംസ്ഥാനസമിതി അംഗവുമായ ഷിജുഖാൻ ക്ലാസെടുത്ത് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സി പി ഐ എം ജില്ലാകമ്മറ്റിയംഗം അഡ്വ. മടവൂർ അനിൽ, ഏരിയാ സെക്രട്ടറി അഡ്വ. എസ് ജയചന്ദ്രൻ തുടങ്ങിയവർ സംസാരിക്കും.