ഹരിത ജന്മദിനാഘോഷം സംഘടിപ്പിച്ചു

തിരുവനന്തുരം ആർഡിഒയുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് കളക്ടർ അനുകുമാരി ഐ.എ.എസ്സിന്റെ പുത്രൻ വിയാൻ ദഹിയയുടെ ആറാം ജന്മദിനം ഫലവൃക്ഷതൈ നട്ടു കൊണ്ട് ഹരിതജന്മദിനമായി ആഘോഷിച്ചു. കരകുളം ഗ്രാമപഞ്ചായത്തിനോട് ചേർന്നുള്ള പഴയ വില്ലേജ് ഓഫീസ് കോമ്പോണ്ടിലാണ് വൃക്ഷതൈകൾ നട്ടത്.

ഭർത്താവ് വരുൺദനിയ, പട്ടം കെവി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ പുത്രൻ വിയാൽ എന്നിവരുമായി കുടുംബസമേതമാണ് അസിസ്റ്റന്റ് കളക്ടർ എത്തിയത്. വൃക്ഷ തൈകളുടെ സംരക്ഷണ പരിപാലനം പഞ്ചായത്ത് നടത്തുന്നതാണെന്ന് പ്രസിഡന്റ് ഉറപ്പു നൽകി.

പരിസ്ഥിത പുനഃസ്ഥാപനത്തിനായി ഹരിത കേരളം മിഷൻ തദ്ദേശ സ്ഥാപനങ്ങളും തൊഴിലുറപ്പുമായി ചേർന്നു ജില്ല ഒട്ടാകെ നടപ്പിലാക്കി വരുന്ന പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായിട്ടു കൂടിയാണ് പുത്രന്റെ ജന്മദിനം ഫലവൃക്ഷതൈകളായ മാവ്, നെല്ലി, പ്ലാവ് എന്നിവ നട്ടു കൊണ്ട് നടത്താൻ തീരുമാനിച്ചത്. ഇന്നത്തെയും ഭാവിതലമുറയുടെയും നിലനിൽപ്പിന് ആവശ്യമായ ശുദ്ധവായുവും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിതെളിക്കുന്ന കാർബൺ ഡൈഓക്സൈഡ് പോലെയുള്ള വിഷ വാതങ്ങളെ നൂറ്റാണ്ടുകളോളം ശേഖരിച്ചു വയ്ക്കാൻ കഴിയുന്ന കലവറകളായ വൃക്ഷങ്ങൾ വച്ചുപിടിക്കുന്നതാണ് സമൂഹത്തിന് ആവശ്യമെന്ന് അസിസ്റ്റന്റ് കളക്ടർ പറഞ്ഞു. ഓരോ കുടുംബവും വലിയ തുകകൾ ചെലവഴിച്ചു ജന്മദിനാഘോഷങ്ങൾ നടത്താതെ പൊതു നന്മയെ കരുതി വൃക്ഷതൈ നടുന്നത് മാതൃകയായി സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചു.

ചടങ്ങിൽ കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ് അനില, വൈസ് പ്രസിഡന്റ് പ്രമോദ്കുമാർ, ഹരിത കേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഡി ഹുമയൂൺ, ജില്ലാ പഞ്ചായത്ത് മെമ്പർ ഉഷാകുമാരി, സിഡിഎസ് വൈസ് പ്രസിഡന്റ് ഗീത, പഞ്ചായത്ത് മെമ്പർമാരായ ഇൻഷാദ്, രവീന്ദ്രൻ, അംഗൻവാടി പ്രവർത്തകർ തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കേരളം മിഷൻ ആർപി ഉല്ലാസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.