ആരോഗ്യ വിഭാഗത്തിന്റെ പരിശോധനയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തി : പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു

പോത്തൻകോട്: വിവിധ മേഖലകളിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പുത്തൻതോപ്പ് സാമൂഹികാരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ ശശിയുടെ നേതൃത്വത്തിൽ പോത്തൻകോട് ബ്ലോക്ക് പരിധിയിൽ നടത്തിയ പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി. അണ്ടൂർക്കോണം പഞ്ചായത്തിന്റെ സഹകരണത്തോടെ കച്ചവട സ്ഥാപനങ്ങളിലും മാർക്കറ്റുകളിലും നടത്തിയ പരിശോധനയിൽ പഴകിയതും വൃത്തിഹീനവുമായ ഭക്ഷ്യ വസ്തുക്കൾ കണ്ടെത്തി നശിപ്പിച്ചു. വിവിധ സ്ഥാപന ഉടമകളിൽ നിന്നായി 21,400 രൂപ പിഴ ഈടാക്കുകയും ചെയ്തു. വെട്ടുറോഡ് പ്രവർത്തിക്കുന്ന അമൽ ഫുഡ്സിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പഴകിയ ബേക്കറി സാധനങ്ങൾ കണ്ടെത്തിയതിനും വില്പനയ്ക്കുള്ള പായ്ക്കറ്റിനു പുറത്തെ ഉത്പാദന ഡേറ്റിൽ ക്രമക്കേട് കണ്ടെത്തിയതിനും 15,000 രൂപ പിഴ ഈടാക്കുകയും പോരായ്മകൾ പരിഹരിക്കുന്നതു വരെ അടച്ചിടാൻ നോട്ടീസ് നൽകുകയും ചെയ്തു. സുൽത്താൻ സുലൈമാനി ദം ബിരിയാണി സെന്ററിൽ പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്ത് 5,000 രൂപ പിഴ ഈടാക്കി. കണിയാപുരം മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ മണലുപയോഗിച്ച് മത്സ്യം വിൽക്കുന്ന കച്ചവടക്കാരിൽ നിന്നും 200 രൂപ വീതം പിഴ ഈടാക്കി. ഹെൽത്ത് ഇൻസ്പെക്ടർ വിശ്വനാഥൻ, സാം വെല്ലിംഗ്ടൺ, ഷിബു, അഖിലേഷ്, പഞ്ചായത്ത് സെക്രട്ടറി അശോകൻ, സുശികുമാർ, ഹരി എന്നിവരും അണ്ടൂർക്കോണം, പുതുക്കുറിച്ചി, മംഗലപുരം, തോന്നയ്ക്കൽ മേഖലകളിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരും പരിശോധനയിൽ പങ്കെടുത്തു.