കരവാരം പഞ്ചായത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷം

കരവാരം : കരവാരം പഞ്ചായത്തിലെ 4, 6 വാർഡുകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി.പ്രദേശത്തെ കിണറുകൾ ഭൂരിഭാഗവും വറ്റിവരണ്ടു. പൈപ്പ് ലൈനിലാകട്ടെ വല്ലപ്പോഴും മാത്രമാണ് വെള്ളം ലഭിക്കുന്നത്. ഉയർന്ന പ്രദേശങ്ങളിൽ അതും ലഭ്യമല്ല.കുടിവെള്ളം ലഭ്യമാക്കാൻ പഞ്ചായത്ത് അധികൃതർ അടിയന്തര നടപടികൾ കൈകൊള്ളണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം നാട്ടുകാർ പഞ്ചായത്ത് പ്രസിഡന്റ് ദീപയെ ഓഫീസ് മുറിയിൽ ഏറെ നേരം ഉപരോധിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ എം.കെ. ജ്യോതിയുടെയും നിസാം തോട്ടക്കാടിന്റെയും നേതൃത്വത്തിലായിരുന്നു ഉപരോധ സമരം.എത്രയും വേഗം കുടി വെള്ള പ്രശ്നം പരിഹരിക്കാമെന്നുള്ള അധികൃതരുടെ ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. കുടിവെള്ള ക്ഷാമം പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് മണ്ഡലം പ്രസിഡന്റുമാർ പറഞ്ഞു.