കായിക്കരയിൽ മൂലൂരിന്റെ ജന്മവാർഷികം

അഞ്ചുതെങ്ങ് : കായിക്കര ആശാൻ സ്‌മാരക അസോസിയേഷന്റെയും തിരുവനന്തപുരം മൂലൂർ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ മൂലൂർ പത്മനാഭപ്പണിക്കരുടെ ശതോത്തര കനകജൂബിലിയും ‘കവിരാമായണ’ത്തിന്റെ ശതോത്തര രജതജൂബിലിയും ആഘോഷിച്ചു. സെമിനാർ, കവിയരങ്ങ്‌, അനുസ്‌മരണ സമ്മേളനം എന്നിവയും നടന്നു.
മൂലൂർ ഫൗണ്ടേഷൻ സെക്രട്ടറി പ്രൊഫ. സഹൃദയൻതമ്പി അധ്യക്ഷനായി. സെമിനാറിൽ ഡോ. ബി ഭുവനേന്ദ്രൻ, പ്രൊഫ. വി എ വിജയ, വി ദത്തൻ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു.
 മൂലൂരിന്റെ 150–-ാം ജന്മവാർഷികത്തിന്റെ പ്രതീകമായി
150 നെയ്‌വിളക്കുകൾ തെളിച്ചു. പൊതുസമ്മേളനം മൂലൂർ ഫൗണ്ടേഷന്റെ ചെയർമാൻ ഡോ. ജോർജ് ഓണക്കൂർ ഉദ്‌ഘാടനംചെയ്‌തു.
തങ്ങളെ ഇകഴ്‌ത്തുന്നവരോടു  പ്രതികരിക്കാതെ പലരും മാറിനിന്നപ്പോൾ ഒറ്റയാൻ പട്ടാളമായി കാവ്യരംഗത്തു പടയൊരുക്കം നടത്തിയ പടയാളിയാണ്‌ മൂലൂർ എന്ന്‌ ജോർജ് ഓണക്കൂർ പറഞ്ഞു.
 കായിക്കര ആശാൻ അസോസിയേഷന്റെ വർക്കിങ്‌ പ്രസിഡന്റ്‌ അഡ്വ. ചെറുന്നിയൂർ ജയപ്രകാശ്‌ അധ്യക്ഷനായി. അസോസിയേഷൻ സെക്രട്ടറി ലിജു, ട്രഷറർ ഡോ. ഭുവനേന്ദ്രൻ, മൂലൂർ ഫൗണ്ടേഷൻ സെക്രട്ടറി പ്രൊഫ. സഹൃദയൻതമ്പി,
ഡി ശ്രീകൃഷ്‌ണൻ എന്നിവർ സംസാരിച്ചു.