നീതിയോ അനീതിയോ? മൂന്നുമുക്കിൽ ഓട്ടോ തൊഴിലാളികൾ സമരത്തിൽ…

ആറ്റിങ്ങൽ : ഓട്ടോ സ്റ്റാൻഡ് മൂടോടെ പിഴുത് മാറ്റാൻ ആറ്റിങ്ങൽ നഗരസഭ ചെയർമാൻ പറഞ്ഞതായി ആരോപിച്ച് നഗരസഭ ചെയർമാൻ നീതി പാലിക്കണമെന്ന് ആവശ്യപ്പെട്ട് ആറ്റിങ്ങൽ മൂന്നുമുക്കിലെ ഓട്ടോ തൊഴിലാളികൾ സമരത്തിൽ. ഇന്നത്തെ ദിവസം എല്ലാ ഓട്ടോയും സ്റ്റാൻഡിൽ എത്തിയെങ്കിലും ഓട്ടം പോയില്ല.

ഓട്ടോയിൽ പതിപ്പിച്ചിരുന്ന കുറിപ്പ്

മൂന്നുമുക്കിൽ ഒരു സൂപ്പർ മാർക്കറ്റിനു മുൻപിലാണ് ഓട്ടോ സ്റ്റാൻഡ്. എന്നാൽ തങ്ങളുടെ കച്ചവടത്തെ ബാധിക്കുന്നെന്നും ജനങ്ങൾക്ക് കടയിലേക്ക് വന്ന് സാധനങ്ങൾ വാങ്ങി പോകാൻ കഴിയുന്നില്ലെന്നും കാണിച്ച് സൂപ്പർമാർക്കറ്റ് ഉടമ നഗരസഭയെ സമീപിച്ചെന്നും തുടർന്ന് യാതൊരു ചർച്ചകളും നടത്താതെ സൂപ്പർ മാർക്കറ്റ് ഉടമയ്ക്ക് അനുകൂലമായി നിലകൊണ്ടെന്നും ഫെബ്രുവരി 20നു മുൻപ് ഓട്ടോ സ്റ്റാൻഡ് അവിടെ നിന്ന് മാറ്റിയില്ലെങ്കിൽ എല്ലാവരെയും അറസ്റ്റ് ചെയ്ത് നീക്കുമെന്നും ചെയർമാൻ ഭീഷണിപ്പെടുത്തിയതായി ഓട്ടോ തൊഴിലാളികൾ പറയുന്നു.

എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഓട്ടോ തൊഴിലാളികൾ കോടതിയെ സമീപിച്ചപ്പോൾ വ്യാപാര സ്ഥാപനത്തിന്റെ കവാടങ്ങൾ ഒഴിവാക്കി കച്ചവടത്തിന് ബുദ്ധിമുട്ട് ഉണ്ടാകാതെ ഓട്ടോ പാർക്ക്‌ ചെയ്ത് ഓട്ടം ഓടാമെന്നാണ് വിധി വന്നതെന്നും ഓട്ടോ തൊഴിലാളികൾ വ്യക്തമാക്കുന്നു. എന്നാൽ അതൊന്നും കാര്യത്തിൽ എടുക്കാതെ പാവങ്ങളുടെ വയറ്റത്തടിക്കാൻ ചെയർമാൻ മുതലാളിമാർക്ക് വേണ്ടി പ്രവർത്തിക്കുന്ന നിലപാട് ആണ് സ്വീകരിക്കുന്നതെന്ന് ഓട്ടോ ഡ്രൈവർമാർ ആക്ഷേപിച്ചു. മാത്രമല്ല തങ്ങൾ കച്ചവടത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത വിധമാണ് ഓട്ടോ ഇട്ട് ഓടുന്നതെന്നും കോടതി വിധി ബഹുമാനിക്കുന്നുവെന്നും ഓട്ടോക്കാർ പറയുന്നു. മറ്റൊരു സ്ഥലത്തേക്ക് ഓട്ടോ സ്റ്റാൻഡ് മാറ്റാനും പൊതുഇടം മൊത്തം വ്യാപാര സ്ഥാപനത്തിന്റെ പാർക്കിങ്ങിനായി ഒരുക്കി നൽകാനുമാണ് ചെയർമാൻ ശ്രമിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി. അനുകൂലമായ നിലപാട് ഉണ്ടാകുന്നത് വരെ സമരം തുടരുമെന്നും അവർ പറഞ്ഞു.