നെല്ലനാട് ആലന്തറ വാർഡിൽ അനധികൃതമായി കോറി പ്രവർത്തനം ആരംഭിച്ചതായി പരാതി.

നെല്ലനാട് : തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് റവന്യൂ ഡിവിഷന് കീഴിൽ നെല്ലനാട് വില്ലേജിൽ നെല്ലനാട് പഞ്ചായത്ത് ആലന്തറ വാർഡിൽ അനധികൃതമായി ജനജീവിതത്തെ ബാധിക്കുന്ന തരത്തിൽ കോറി പ്രവർത്തനം ആരംഭിച്ചതായി പരാതി.

ഗ്രാമപഞ്ചായത്ത് വിശദമായ ചർച്ചകളും പരിശോധനകളും നടത്തി ലൈസൻസ് അപേക്ഷ നിരോധിച്ചിരുന്നത്രേ. എന്നാൽ ഭരണസമിതി തീരുമാനം മറികടന്ന് സെക്രട്ടറിയുടെ ചുമതല ഉണ്ടായിരുന്ന അസിസ്റ്റൻറ് സെക്രട്ടറി ലൈസൻസ് അനുവദിക്കുകയും ഈ നടപടിക്കെതിരെ ഭരണസമിതി യോഗം ചേർന്ന് സെക്രട്ടറിയുടെ നടപടിക്കെതിരെ വകുപ്പുതല നടപടിയും വിജിലൻസ് അന്വേഷണത്തിനും തീരുമാനമെടുത്തു.

കോറിയിൽ ഖനനം ചെയ്തതിൽ വെച്ച് സ്ഥലത്തെ മൂന്നു വീടുകളിൽ ഈയടുത്ത് പാറ തെറ്റിക്കുകയും തലനാരിഴയ്ക്ക് വൻ അപകടം ഒഴിവാക്കുകയും ചെയ്തു. തുടർന്ന് വെഞ്ഞാറമൂട് പൊലീസ് കേസെടുത്തെങ്കിലും യാതൊരുവിധ നടപടി ഉണ്ടായില്ലെന്നാണ് ജനങ്ങളുടെ ആക്ഷേപം.

ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചും ശരിയായ അന്വേഷണം നടത്താതെയും പാരിസ്ഥിതിക അനുമതി അടക്കം നേടിയെടുത്തത് ദുഃഖകരമാണെന്നും തലസ്ഥാന ജില്ലയിൽ ഇത്തരത്തിലുള്ള അനുവാദം വാങ്ങി നൽകുന്നതിന് ഉന്നത ഉദ്യോഗസ്ഥ തലത്തിൽ വൻ സംഘങ്ങൾ പ്രവർത്തിച്ചു വരുന്നതായും ജനങ്ങൾ ആരോപിച്ചു. മാത്രമല്ല ഇത്തരം സംഭവങ്ങൾക്ക് എതിരെ ശക്തമായ അന്വേഷണം വേണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു.

കോറിയയിൽ അനധികൃതമായി വെടിമരുന്നു കൊണ്ടുവരുകയും സൂക്ഷിക്കുക്കുകയും ചെയ്യുന്നതായും 2019 ഡിസംബർ 26ന് രാത്രി സ്വകാര്യ വാഹനത്തിൽ വെടിമരുന്ന് കൊണ്ടുവന്ന വാഹനം നാട്ടുകാർ തടഞ്ഞ് പൊലീസിന് കൈമാറിയതും നാട്ടുകാർ ഓർത്തെടുക്കുന്നു. അന്ന് ആ സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

കഴിഞ്ഞദിവസങ്ങളിൽ സമീപത്തെ കോളനിയിൽ താമസിക്കുന്ന രേണുക എന്ന സ്ത്രീയുടെ നവജാതശിശുവിന് കടുത്ത ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്. അതും ഈ കോറിയുടെ അനധികൃത പ്രവർത്തനം കാരണമെന്ന് ജനങ്ങൾ പറയുന്നു. ജനങ്ങളുടെ ഇടയിൽ തെറ്റിദ്ധരിപ്പിച്ചും ആശങ്കയും വിതച്ചും കോറി മാഫിയ യഥേഷ്ടം സ്ഫോടനം നടത്തി ജനജീവിതം താറുമാറാക്കുന്നുവെന്നും പുലർച്ചെ 5:00 മുതൽ രാത്രി ഏറെ വൈകിയും ഖനന പ്രവർത്തനങ്ങൾ നടക്കുകയാണെന്നും പരാതിപ്പെടുന്നു.
ജന ജീവിതം താറുമാറാക്കുന്ന കോറി പ്രവർത്തനം സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു.