പ്ലാസ്റ്റിക് കവറുകൾക്ക് പകരം തുണി സഞ്ചികളുമായി പെൺകുട്ടികൾ

കന്യാകുളങ്ങര : പ്ലാസ്റ്റിക്കിൽ നിന്നും നാടിനെ മുക്തമാക്കാൻ കന്യാകുളങ്ങര ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഗൈഡ്സ് യൂണിറ്റ്. പ്ലാസ്റ്റിക് കവറുകൾക്ക് പകരം തുണി സഞ്ചികൾ നിർമിച്ചു നൽകുകയാണ് ഈ പെൺപള്ളിക്കൂടത്തിലെ മിടുക്കികൾ. ഇതിനകം നൂറു തുണി സഞ്ചികളാണ് ഇവർ തയ്യാറാക്കി സൗജന്യമായി നൽകിയത്. ആദ്യഘട്ടത്തിൽ സ്കൂളിലെ കുട്ടികൾക്കാണ് തുണി സഞ്ചി വിതരണം ചെയ്യുന്നത്. തുണി നൽകിയാൽ സൗജന്യമായി സഞ്ചി തുന്നി നൽകാനുള്ള പ്രവർത്തനത്തിലാണ് ഗൈഡ്സ് യൂണിറ്റ്. കുട്ടികളുടെയും അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തത്തോടെയാണ് ഈ പ്രവർത്തനം നടക്കുന്നത്. തുണി സഞ്ചികളുടെ വിതരണോദ്ഘാടനം വെഞ്ഞാറമൂട് സി.ഐ ജയൻ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എ. നൗഷാദ് അദ്ധ്യക്ഷനായി. എസ്.എം.സി ചെയർമാൻ രാജു, പ്രിൻസിപ്പൽ വാഹീദ, ഹെഡ്മിസ്ട്രസ് പ്രീത, കൊഞ്ചിറ കെ. ഗോപിനായർ, ബീഗം ഷീജ തുടങ്ങിയവർ പങ്കെടുത്തു.