പോക്‌സോ നിയമപ്രകാരം സ്കൂൾ ഡയറക്ടർ അറസ്റ്റിൽ : ഡി.വൈ.എഫ്.ഐ പ്രവർത്തകർ സ്കൂൾ അടിച്ചു തകർത്തു..

നെടുമങ്ങാട് : നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ സ്വകാര്യ സ്‌കൂള്‍ ഉടമയും അധ്യാപകനുമായ നെടുമങ്ങാട് സ്വദേശി അറസ്റ്റിൽ. ഡോ. യശോധരനെയാണ് വലിയമല പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റു ചെയ്തത്.നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയായ പത്തുവയസുകാരിയെ ആരുമില്ലാത്ത സമയത്ത് ക്ലാസ്മുറിയില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. തുടർന്ന് കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

അറസ്റ്റിലായ ഡോ. യശോദരന്റെ ആർഷ സ്കൂൾ ഡി.വൈ.എഫ്.ഐ പ്രവർത്തകർ അടിച്ചു തകർത്തു. മന്നൂർക്കോണം കുന്നത്ത്‌മലയുള്ള ഡോ.യശോദരൻ ആർഷ ഇന്റർനാഷ്ണൽ മോഡൽ സ്കൂൾ ആണ് ഇന്ന് വൈകുന്നേരം 50ഓളം വരുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകർ അടിച്ചു തകർത്തത്. മുള്ളുവേങ്ങമൂട് സിപിഎം പാർട്ടി ഓഫിസിൽ നിന്നും പ്രകടനമായി എത്തിയ പ്രവർത്തകരെ നെടുമങ്ങാട് ഡി.വൈ.എസ്‌.പിയുടെ നേതൃത്വത്തിൽ തടഞ്ഞെങ്കിലും ഡി.വൈ.എഫ്. ഐ പ്രവർത്തകർ സ്കൂൾ ഗേറ്റ് അടിച്ചു തകർത്ത് ഉള്ളിൽ കയറി അടിച്ചു തകർക്കുകയായിരുന്നു.

2008 ലും 8 വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസിലും അറസ്റ്റിലായിരുന്നു. മറ്റൊരു സ്‌കൂളിലായിരുന്നു അന്ന് ഇയാള്‍ ജോലി ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ സ്കൂളിൽ പഠിക്കുന്ന മറ്റു കുട്ടികളെയും കൗൺസിലിംഗ് നടത്തണം എന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.