പുളിമാത്ത് പഞ്ചായത്തിൽ മണ്ണ് ജലസംരക്ഷണ പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനവും കൊല്ലുവിള നീർത്തട പദ്ധതിയുടെ പ്രവർത്തനോദ്ഘാടനവും

പുളിമാത്ത് : മണ്ണ് ജലസംരക്ഷണ പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനവും, പുളിമാത്ത് പഞ്ചായത്തിലെ കൊല്ലുവിള നീർത്തട  പദ്ധതിയുടെ പ്രവർത്തനോദ്ഘാടനവും പുളിമാത്ത് പഞ്ചായത്തിലെ മൂർത്തിക്കാവ് ജഗ്ഷനിൽ വച്ച് അഡ്വ ബി സത്യൻ എംഎൽഎയുടെ അധ്യക്ഷതയിൽ കൃഷി, മണ്ണ്, പര്യവേഷണ, മണ്ണ് സംരക്ഷണ വകുപ്പ് മന്ത്രി അഡ്വ വി. എസ് സുനിൽ കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.

260 ഹെക്ടർ സ്ഥലത്ത് പദ്ധതിയുടെ  ഗുണം ലഭിക്കും. ജലദൗർലഭ്യം പരിഹരിക്കാൻ മണ്ണൊലിപ്പ് തടയുക,  തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക, പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.

ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയ പുളിമാത്ത് പഞ്ചായത്തിലെ കൊല്ലുവിള നീർത്തട പദ്ധതി കൃഷി വകുപ്പ് മന്ത്രിയ്ക്ക്  നിവേദനം നൽകിയതിൻ്റെ ഭാഗമായി പ്രത്യേക താല്പര്യമെടുത്ത് അനുവദിച്ചതാണ് ഈ പദ്ധതി. ഇതിനായി 1 കോടി അറുപത്തി എണ്ണായിരം (1, 068000) രൂപയാണ് അനുവദിച്ചത്.കല്ല് കയ്യാല, പുല്ല് പിടിപ്പിക്കൽ, മരം വെച്ച് പിടിപ്പിക്കുക,  റബ്ബർ ടെറസിംഗ്, മഴക്കുഴി, ഡ്രിപ്പ് വെൽ, കിണർ റീചാർജിംഗ്,  പാർശ്വഭിത്തി തടയണ തുടങ്ങിയ പദ്ധതികളാണ് നടപ്പിലാക്കുന്നത്.

ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബി. വിഷ്ണു, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീജാ ഷൈജു ദേവ്, സ്ഥിരം സമിതി അധ്യക്ഷന്മാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.