പ്രകൃതിയെ കുറിച്ച് തിരിച്ചറിവുകൾ വളർത്തിയെടുക്കണം:  രാധാകൃഷ്ണൻ കുന്നുംപുറം

മനുഷ്യന്റെ ഉള്ളിലെ നന്മ തിന്മകളെ കുറിച്ച് ആഴത്തിൽ ചിന്തിക്കാൻ വിദ്യാർത്ഥികൾക്ക് വായനയും ചുറ്റുപാടുകളെ നിരീക്ഷിക്കുന്നതും സഹായിക്കുമെന്ന് കവി രാധാകൃഷ്ണൻ കുന്നുംപുറം അഭിപ്രായപ്പെട്ടു.വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിഭാസംഗമത്തിൽ നാടൻ പാട്ടും സംസ്ക്കാരവും എന്ന വിഷയത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രപുരുഷന്മാരെല്ലാം പരിസരങ്ങളെ നിരീക്ഷിച്ചും വായനയിലൂടെയും ജീവിതവിജയം നേടിയവരാണ്.പ്രകൃതിയുടെ പ്രത്യേകതകളെ തിരിച്ചറിഞ്ഞ് മുന്നോട്ട് പോയവരാണ് മുൻതലമുറയിലുള്ളവർ. പ്രപഞ്ചത്തെ ശ്രദ്ധിക്കാനും ബഹുമാനിക്കാനും അവർ തയ്യാറായി. പ്രകൃതിയെ നോക്കി പ്രതിഷേധിക്കാനും സങ്കടപ്പെടാനും അവർ ശ്രമിച്ചതിന്റെ ചില നേരടയാളങ്ങളാണ് നാടൻപാട്ടുകൾ.നാടൻ പാട്ടുകളും കലകളും അക്കാലത്തെ ജീവിതത്തിന്റെ നേർചിത്രങ്ങൾ കൂടിയാണ് എന്നറിഞ്ഞ് അവയെ സമീപിക്കണം .നവീകരണത്തിന്റെയും തുടർച്ചയുടെയും ഭാഗമായി ഇന്ന് നിരവധി എഴുത്തുപാട്ടുകൾ രചിക്കപ്പെടുന്നുണ്ട്. വായ്മൊഴിയിൽ നിന്നും വരമൊഴിയിലേക്ക് മാറുമ്പോഴും അത്തരം പാട്ടുകളുടെ തനിമകളെ നശിപ്പിക്കാതിരിക്കാൻ നാം ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

പൊതുവിദ്യാഭ്യാസവകുപ്പിന്റെ ആഭിമുഖ്യത്തിൽ നാലാഞ്ചിറ സെന്റ് ജോൺസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച ക്യാമ്പിൽ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ കുട്ടികൾ പങ്കെടുത്തു. രണ്ടു ദിവസത്തെ ക്യാമ്പിൽ വിവിധ വിഷയങ്ങളിൽ പ്രമുഖരായവർ പങ്കെടുത്തു. വിദ്യാഭ്യാസ ഉപജില്ലാ കോ സിനേറ്റർമാരായഅശോകുമാർ,ഷൈജു,ജോസ്.ഡി.സുജീവ് എന്നിവർ സംസാരിച്ചു.നാടൻപാട്ട് കലാകാരൻമാരായ ആദേശ് ഇപ്റ്റ ,നിർമ്മൽ സൗപർണിക, അരുൺ മോഹനൻ, അഭിജിത്ത്പ്രഭ തുടങ്ങിയവർ പങ്കെടുത്തു.