റിട്ടയേർഡ് എ.എസ്.ഐ വീടിന് പുറകിൽ വീണ് രക്തം വാർന്ന് മരിച്ച നിലയിൽ

വാമനപുരം : റിട്ടയേർഡ് എ.എസ്.ഐയെ വീടിന് പുറകിൽ വീണ് രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി. വാമനപുരം കാഞ്ഞിരംപാറ ചരുവിള പുത്തൻവീട്ടിൽ ജഗദൻ(62)ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം ഇദ്ദേഹം കാരേറ്റ് പോയിരുന്നു. എന്നാൽ ജഗദൻ വീട്ടിൽ എത്താതിരുന്നതിനാൽ സമീപത്തെ വീടുകളിലൊക്കെ തിരക്കിയെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല. തുടർന്ന് ഇന്നലെ രാവിലെ വീടിന്റെ പിന്നാമ്പുറത്തെ മുറ്റത്ത് ജഗദനെ വീണ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ശനിയാഴ്ച രാത്രി വീട്ടിലേക്ക് വന്ന ഇദ്ദേഹം വീടിന്റെ പിന്നാമ്പുറത്തെ ചരിവുള്ള സ്ഥലത്തെ വഴിയിലൂടെ നടന്നു വന്നതാകാമെന്നും കാൽ വഴുതി പതിനഞ്ച് അടിയിലേറെ താഴ്ചയുള്ള മുറ്റത്തേക്ക് വീണതാകാം മരണ കാരണമെന്നുമാണ് പ്രാഥമിക നിഗമനം. കാൽ വഴുതിയ പാടുകളും വീഴാതിരിക്കാൻ മരക്കൊമ്പിൽ പിടിച്ചതിന്റെ ഇലകളും മറ്റും കയ്യിലും ഉണ്ടായിരുന്നു. തല കല്ലിലിടിച്ച് പരിക്കേറ്റ് രക്തം വാർന്ന അവസ്ഥയിലായിരുന്നു. വെഞ്ഞാറമൂട് പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.