ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവായ റിട്ടയേർഡ് പൊലീസുകാരൻ അറസ്റ്റിൽ

നെടുമങ്ങാട്: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ റിട്ട. പൊലീസുകാരൻ കരകുളം ആറാംകല്ല് ഏണിക്കര ഷാനാ നിലയത്തിൽ സി.വേണു (72) അറസ്റ്റിലായി. 2019 മേയ് അഞ്ചിന് രാത്രിയാണ് പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ ഭാര്യ ഗിരിജ (62) മരിച്ചത്. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലും മറ്റു പരിശോധനയിലും തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്നു തെളിഞ്ഞിരുന്നതായി പൊലീസ് അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട്  പൊലീസ് പറയുന്നത് ഇങ്ങനെ:

പൊലീസിൽ നിന്നു വിരമിച്ച ശേഷം ഭാര്യയോടും മകനോടും കുടുംബത്തോടുമൊപ്പം ഏണിക്കരയിലെ വീട്ടിൽ താമസിച്ചിരുന്ന വേണു സ്ഥിരമായി മദ്യപിച്ച് ഭാര്യയെ ഉപദ്രവിക്കാറുണ്ടായിരുന്നു. സംഭവ ദിവസം മകന്റെ ഭാര്യയുടെ മുറിയിൽ കിടക്കുകയായിരുന്ന ഗിരിജയെ വേണു ഭീഷണിപ്പെടുത്തി വിളിച്ചിറക്കി വഴക്കിട്ടു. തുടർന്ന് അടിവയറ്റിലും മറ്റും ചവിട്ടിയും കൈയിൽ കരുതിയിരുന്ന വെട്ടുകത്തിയുടെ പരന്നഭാഗം കൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു. തടയാൻ ശ്രമിച്ച മകനും ഭാര്യയ്ക്കും പരിക്കേറ്റിരുന്നു. ശ്വാസതടസം അനുഭവപ്പെട്ട ഗിരിജയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. നെടുമങ്ങാട് ഡിവൈ.എസ്.പി സ്റ്റുവർട്ട് കീലറുടെ നിർദ്ദേശാനുസരണം നെടുമങ്ങാട് സി.ഐ വി.രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ എ.എസ്‌.ഐമാരായ രാംകുമാർ, നൂറുൽ ഹസൻ, പൊലീസുകാരായ അനിൽ കുമാർ, സനൽരാജ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.