ശാർക്കര ദേവിക്ക് പൊങ്കാലയർപ്പിച്ച് പതിനായിരങ്ങൾ…

ചിറയിൻകീഴ് : പ്രസിദ്ധമായ ശാര്‍ക്കര ദേവീക്ഷേത്രത്തില്‍ പതിനായിരക്കണക്കിന് സ്ത്രീകള്‍ പൊങ്കാലയര്‍പ്പിച്ചു.  പൊങ്കാലയില്‍ പങ്കെടുക്കാന്‍ വിവിധ ജില്ലകളില്‍ നിന്നും ഭക്തര്‍ ക്ഷേത്രത്തിലെത്തി. മേൽശാന്തി വടക്കേ മഠത്തിൽ രാജഗോപാലൻ പോറ്റി ഇന്ന് രാവിലെ 9.45നു പണ്ടാരയടുപ്പിൽ അഗ്നി പകർന്നതോടെ പൊങ്കാല ചടങ്ങുകൾക്ക് ആരംഭമായി. തുടർന്ന് ഭക്തരുടെ പൊങ്കാല അടുപ്പുകളിലേക്ക‌് തീ പകർന്നുനൽകി. ക്ഷേത്രോപദേശകസമിതി സന്നദ്ധ സംഘടനകളുടെയും ഭക്തജനങ്ങളുടെയും നേതൃത്വത്തിൽ 90,000 പൊങ്കാലയടുപ്പുകൾ തയാറാക്കിയിരുന്നു. ഒരു ലക്ഷത്തോളം ഭക്തർ പൊങ്കാല അർപ്പിക്കാൻ എത്തിയെന്നാണ് കണക്കാക്കുന്നത്. തുടർന്ന് 11.30-തോടെ ഗജവീരന്മാരുടെ അകമ്പടിയിൽ അൻപതോളം പൂജാരിമാരുടെ നേതൃത്വത്തിൽ നിവേദിക്കൽ ചടങ്ങ് നടന്നു. ക്ഷേത്ര പറമ്പ‌് കൂടാതെ ക്ഷേത്രത്തിന് സമീപമുള്ള ഇടവഴികളിലും റോഡ് വശത്തും ഭക്തജനങ്ങൾ പൊങ്കാലയിട്ടു. ശാർക്കര പൊങ്കാലയ്ക്ക് വിവിധ വകുപ്പുകളുടെ സേവനം ലഭ്യമായി.ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിസരശുചീകരണവും ജല സ്രോതസ്സുകളുടെ ശുദ്ധീകരണവും പൊങ്കാലദിവസം മെഡിക്കൽ ക്യാമ്പും നടന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ അന്നദാനവും കുടിവെള്ളവിതരണവും നടന്നു.