ലഹരിക്കെതിരെ കുട്ടിപ്പോലീസ്

അവനവഞ്ചേരി : അവനവഞ്ചേരി ഗവ.ഹൈസ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്റ്റിന്റെ നേതൃത്വത്തിൽ കരിക്കകംകുന്ന് ഗ്രാമത്തിൽ ലഹരി വിമുക്ത ഗ്രാമം പദ്ധതി നടപ്പിലാക്കുന്നതിന്റെ ആദ്യ ഘട്ടമായി ഗൃഹസന്ദർശനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. എക്സൈസ് വകുപ്പിന്റെ വിമുക്തി പദ്ധതിയുടെ ഭാഗമായാണ് ലഹരി വിമുക്ത ഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്. സ്കൂളിൽ നടത്തിയ സർവ്വേയിൽ ഈ മേഖലയിൽ ലഹരി ഉപയോഗം കൂടുതലാണെന്ന കണ്ടെത്തലിനെത്തുടർന്നാണ് കരിക്കകംകുന്നിനെ ഈ പദ്ധതിക്കായി തെരഞ്ഞെടുത്തത്. പല ഗ്രൂപ്പുകളായി തിരിഞ്ഞ് ഇവിടുത്തെ 150 ലധികം വീടുകളിൽ സന്ദർശനം നടത്തി ലഹരി വിരുദ്ധ ലഘുലേഖകൾ വിതരണം ചെയ്തു. ഓരോ കുടുംബത്തിലും നേരിട്ട് ചെന്ന് അവരോടു സംസാരിച്ച് ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തി ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി. ലഹരി ഉപയോഗത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് കുട്ടികൾ ശേഖരിച്ചത്. വൈകുന്നേരം ഗ്രാമവാസികൾക്കായി സംഘടിപ്പിച്ച യോഗത്തിൽ പദ്ധതിയുടെ ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭ ചെയർമാൻ ശ്രീ.എം.പ്രദീപ് നിർവ്വഹിച്ചു. സ്കൂൾ പി.റ്റി.എ. പ്രസിഡൻറ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ സിവിൽ എക്സൈസ് ഓഫീസർ സത്യപ്രഭൻ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. വൈസ് പ്രസിഡന്റ് ശ്രീ.കെ.ശ്രീകുമാർ സംബന്ധിച്ചു. മുദാക്കൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എസ്.മോഹനൻ, മിനി, എസ്.പി.സി. കമ്മ്യൂണിറ്റി പോലീസ് ഓഫീസർ എൻ.സാബു, ഡ്രിൽ ഇൻസ്ട്രക്ടർ ശ്രീജൻ ജെ. പ്രകാശ് എന്നിവരും കേഡറ്റുകൾക്ക് നേതൃത്വം നൽകി.