വിധി തളർത്തിയ പ്രേംകുമാറിന് സ്നേഹ സ്പർശവുമായി തച്ചോടു പൗരസമിതി

ചെമ്മരുതി :അർബുദ രോഗ ബാധിതനായ ചെറുന്നിയൂർ കാറാത്തല ജി. കെ ഭവനിൽ പ്രേംകുമാറിന്റെ ചികിത്സക്കായി തച്ചോടു പൗരസമിതി 30000/രൂപയുടെ സാമ്പത്തിക സഹായം കൈമാറി. കഴിഞ്ഞ മുപ്പതു വർഷമായി ഫോട്ടോഗ്രാഫറായി ജോലി നോക്കി വരികയായിരുന്നു പ്രേംകുമാർ. ഇതിൽ ഇരുപത്തിനാലു വർഷവും മറ്റൊരാളിന്റ സ്റ്റുഡിയോയിൽ സഹായി ആയിരുന്നു. ചെമ്മരുതി തച്ചോടു സ്വന്തം സ്റ്റുഡിയോ തുടങ്ങിയിട്ട് അഞ്ചു വർഷമായി. തന്റെ വരുമാനത്തിലൊതുങ്ങി സന്തോഷകരമായ കുടുംബ ജീവിതം നയിച്ചു വരുന്നതിനിടെയാണ് തടുക്കാനാവാത്ത വിധി ക്യാൻസറിന്റെ രൂപത്തിൽ പ്രേമിന്റെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയത്. ഒന്നര മാസം മുൻപ് വയറുവേദന ആയിട്ടായിരുന്നു തുടക്കം. വിദഗ്ദ്ധ പരിശോധയിലാണ് പാൻക്രിയാസിൽ ക്യാൻസർ ആണെന്ന് തിരിച്ചറിയുന്നത്. കീമോതെറാപ്പി ചികിത്സ തുടർന്ന് വരുന്നു. തൊഴിൽ ചെയ്ത് മിച്ചം പിടിച്ചിരുന്ന തുകയെല്ലാം ഇതിനോടകം ചികിത്സക്കായി ചെലവഴിച്ചു. കുടുംബത്തിന്റെ ഏക വരുമാന മാർഗം നിലച്ചതോടെ ബി എസ് സി നഴ്സിങ്ങിന് പഠിക്കുന്ന മകളുടെ തുടർ പഠനത്തിനും ചികിത്സാചിലവുകൾക്കും വീട്ടുവാടക കൊടുക്കാൻ പോലും വഴി കണ്ടെത്താനാവാതെ വിഷമിക്കുന്ന ഈ കുടുംബത്തിന്റെ ദുരവസ്ഥ തിരിച്ചറിഞ്ഞാണ് പൗരസമിതി പ്രവർത്തകർ ഇവർ വാടകക്ക് താമസിക്കുന്ന പനയറ മിനി ജംഗ്ഷനിലെ കണ്ണങ്കര വീട്ടിലെത്തി സഹായധനം കൈമാറിയത്. തൊഴിൽ അന്വേഷിച്ചു വിദേശത്തു പോയ ഏക മകന് വിസ പുതുക്കി കിട്ടാത്തതിനാൽ രോഗ ശയ്യയിലുള്ള അച്ഛനെ വന്നു കാണാൻ പോലും കഴിയുന്നില്ല. ബോധം വീണ് കിട്ടുമ്പോഴൊക്കെ മകനെ തേടുന്ന അച്ഛനോട് മറുപടി പറയാനാകാതെ കുഴങ്ങുകയാണ് വീട്ടുകാർ. ഈ സാധു കുടുംബത്തെ സഹായിക്കാം. പ്രേമിന്റെ ഭാര്യ രാജിയുടെ പേരിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വർക്കല ശാഖയിലെ 33140623690എന്ന നമ്പറിലുള്ള അക്കൗണ്ടിലേക്ക് പണം അയക്കാം. ഐ. എഫ് എസ് സി കോഡ് SBIN0014248.

തച്ചോടു പൗരസമിതി ഭാരവാഹികളായ മണി,ബിജു അനന്യ, അനിൽ, ഷാബു, ബേബി, സുരേഷ് ഉണ്ണിത്താൻ, ജോസ് പ്രകാശ് തുടങ്ങിയവർ ധന സമാഹരണത്തിന് നേതൃത്വം നൽകി. തച്ചോടു ഓട്ടോറിക്ഷ തൊഴിലാളികളും അവർ സമാഹരിച്ച സഹായ ധനം വീട്ടിലെത്തി കൈമാറി.