വയോജനങ്ങൾക്ക് വിനോദയാത്ര സംഘടിപ്പിച്ചു

പനവൂർ : പനവൂര്‍ പഞ്ചായത്തിലെ വയോസൗഹൃദഗ്രാമം പദ്ധതിയുടെ ഭാഗമായി വിനോദയാത്ര സംഘടിപ്പിച്ചു. ഇത്തവണ രണ്ടു ദിവസ യാത്രയാണ്‌ സംഘടിപ്പിച്ചത്‌. വയോജനങ്ങളുടെ ദിനചര്യകള്‍ ആനന്ദമാക്കാൻ കഴിഞ്ഞ വര്‍ഷംമുതലാണ്‌ വിനോദയാത്രാ പദ്ധതി ആരംഭിച്ചത്‌. ആദ്യഘട്ടം 15 വാർഡുകളിലെ ആയിരത്തോളം വയോജനങ്ങളുമായി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു. രണ്ടാം ഘട്ടമായി ദീര്‍ഘദൂര വിനോദയാത്ര നിശ്ചയിക്കുകയായിരുന്നു.

ജനുവരി 28 മുതൽ 31വരെയും ഫെബ്രുവരി ഒന്നുമുതല്‍ മൂന്നുവരെയും രണ്ടു ഘട്ടങ്ങളിലായാണ് യാത്ര. നൂറിലധികം  വയോജനങ്ങളാണ് യാത്രാസംഘത്തിലുള്ളത്.വയോ സൗഹൃദ ഗ്രാമത്തിന്റെ പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനായി പഞ്ചായത്ത് പ്രസിഡന്റ് എസ് വി കിഷോർ ചെയർമാനും മെഡിക്കൽ ഓഫീസർ പ്രീത കൺവീനറുമായ പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പഞ്ചായത്ത് മെമ്പർമാർ ചെയർമാന്മാരായും ആരോഗ്യ വകുപ്പ് ജീവനക്കാർ, ആശാവർക്കർമാർ, അങ്കണവാടി ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരടങ്ങുന്ന വാർഡ് കമ്മിറ്റികളും സജീവമാണ്.