30 വർഷത്തിനിടയിൽ 200ലധികം മോഷണം: ‘സെഞ്ച്വറി’ ഫസിലുദീനും കൂട്ടാളികളും വർക്കലയിൽ അറസ്റ്റിൽ..

വർക്കല : ഇരുന്നൂറിലധികം മോഷണ പരമ്പരകളിൽ  പ്രതിയായ അന്തര്‍ജില്ലാ മോഷ്ടാവും  കൂട്ടാളികളായ സ്ത്രീകളും അറസ്റ്റില്‍.

കഴക്കൂട്ടം മേനംകുളം പുത്തന്‍തോപ്പ് ചിറക്കല്‍ വീട്ടില്‍  “സെഞ്ച്വറി ഫസലുദീന്‍“ എന്ന വിളിപ്പേരുള്ള ഫസലുദീനെയാണ് വര്‍ക്കല പോലിസ് അറസ്റ്റ് ചെയ്തത്. ഫസലുദീന്‍ കവര്‍ച്ച ചെയ്യുന്ന സ്വര്‍ണാഭരണങ്ങള്‍ മുഴുവനും ഇയാളുടെ സഹോദരി കണിയാപുരം ചിറക്കല്‍ ആറ്റരികത്ത് വീട്ടില്‍ ഷാഹിദ (55),  കണിയാപുരം ചിറക്കല്‍ ആറ്റരികത്ത് വീട്ടില്‍ അസീല(32) എന്നിവരാണ് ജൂവലറികള്‍ വഴിയും സ്വര്‍ണപണയ സ്ഥാപനങ്ങള്‍ വഴിയും വിറ്റഴിക്കുന്നത്. ആയതിനാല്‍ ഈ രണ്ടു സ്ത്രീകളെയും മോഷണ മുതല്‍ കൈമാറ്റം ചെയ്തതിനും ആയത് ഒളിപ്പിച്ചു വച്ച കുറ്റങ്ങള്‍ക്കും അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ പോലിസ് സ്റ്റേഷനുകളിലായി ഇരുന്നൂറിലധികം കവര്‍ച്ച കേസ്സുകളില്‍ പ്രതിയായിരുന്നയാളാണ് ഫസിലുദീൻ. ജില്ലയില്‍ കഴിഞ്ഞ മൂന്നുമാസങ്ങള്‍ക്കിടെ നടത്തിയ പത്തോളം കവര്‍ച്ചകള്‍ക്ക് ശേഷമാണ് ഇയാൾ പോലിസിന്റെ പിടിയിലാവുന്നത്.

2019 ഒക്ടോബര്‍ മാസം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്നും ജയില്‍ മോചിതനായ ശേഷം തിരുവനന്തപുരം ജില്ലയിലെ കഠിനംകുളം, മംഗലപുരം, വര്‍ക്കല, നഗരൂര്‍ കൊല്ലം ജില്ലയിലെ പുനലൂര്‍, പാരിപ്പള്ളി എന്നിവിടങ്ങളില്‍ രാത്രി സമയത്ത് പത്തോളം വീടുകളുടെ വാതിലുകള്‍ തകര്‍ത്തു 100 പവനോളം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസ്സുകളിലാണ് ഫസലുദീൻ അറസ്റ്റിലായത്.

22-12-2019 തീയതി രാത്രി വര്‍ക്കല വില്ലേജില്‍ കണ്ണമ്പയില്‍ സജീവ്‌ എന്നയാളുടെ  തിരുവോണം വീടിന്‍റെ പിറകിലത്തെ വാതില്‍ പൊളിച്ച് 7 പവന്‍ സ്വര്‍ണവും 45000 രൂപയും  കവര്‍ന്ന കേസ്സ്,  16-11-2019 തീയതി വര്‍ക്കല പുന്നമൂട് സിംഫണിയില്‍ രമേശ്‌ കുമാറിന്‍റെ വീടിന്‍റെ മുന്‍വാതില്‍ തകര്‍ത്ത് 17 പവന്‍ സ്വര്‍ണാഭരണങ്ങളും 25000 രൂപയും കവര്‍ന്ന കേസ്സ്,  2019 ഡിസംബര്‍ മാസം രണ്ടാം തീയതി വര്‍ക്കല കുരക്കണ്ണി കല്ലുവിള വീട്ടില്‍ മനോജിന്‍റെ വീടിന്‍റെ ജനല്‍ തകര്‍ത്ത് 2 പവന്‍ സ്വര്‍ണവും 10000 രൂപയും കവര്‍ന്ന കേസ്സ്, 21-12-2019 ല്‍ തിരുവനന്തപുരം പള്ളിപ്പുറം വരിച്ചിറ കണല്‍ ശ്രീ ഭദ്രകാളി ദേവിക്ഷേത്രത്തിലെ കവര്‍ച്ച   19-12-2019  തീയതി രാത്രി തിരുവനന്തപുരം കഠിനംകുളം ചിറ്റാറ്റുമുക്ക് കൈപ്പള്ളി റോഡില്‍ ഗായത്രിയുടെ പുലരി വീടിന്‍റെ വാതില്‍ തകര്‍ത്ത് 15 പവന്‍ സ്വര്‍ണം കവര്‍ന്ന കേസ്സ്, 29-1-2020 തീയതി തിരുവനന്തപുരം കണിയാപുരം അണ്ടൂര്‍ക്കോണം മസ്താന്‍മുക്ക് ടിബു എന്നയാളുടെ വൈഷ്ണവം വീട്ടില്‍ കയറി 5 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസ്സ് ഉള്‍പ്പെടെ പത്തോളം കവര്‍ച്ച കേസ്സുകളിലേക്കാണ് “സെഞ്ച്വറി ഫസലുദീനെ” വര്‍ക്കല പോലിസ് അറസ്റ്റ് ചെയ്തത്.

തന്‍റെ 30 വര്‍ഷത്തെ മോഷണ ജീവിതത്തിനിടയില്‍ 200 ഓളം മോഷണങ്ങള്‍ നടത്തിയ ഫസലുദീന്‍ 2004 ല്‍ പള്ളിക്കല്‍ പോലിസ് സ്റ്റേഷന്‍ പരിധിയില്‍  ഒരു വീട്ടില്‍ നിന്നും 125 പവന്‍, 2005 ല്‍ ആറ്റിങ്ങല്‍ നിന്നും 88 പവന്‍, കൊല്ലം ജില്ലയില്‍  അഞ്ചല്‍, പറവൂര്‍ എന്നിവിടങ്ങളില്‍ നിന്നും 70 പവന്‍ സ്വര്‍ണവും വീതവും കവര്‍ന്നിട്ടുണ്ട്. മോഷണ ജീവിതത്തിനിടയില്‍ ഏതാണ്ട് 700 പവനിലധികം സ്വര്‍ണം കവര്‍ന്ന ഫസലുദീന് നിലവില്‍ 4 ഭാര്യമാരുണ്ട്. ഇറച്ചിയും, മാംസവും കഴിക്കാത്ത ഇയാൾ തീര്‍ത്തും വെജിറ്റേറിയനായ കവര്‍ച്ചക്കാരാനാണ്. കൊല്ലം ജില്ലയിലെ കൊട്ടാരക്കര, പുനലൂര്‍, അഞ്ചല്‍, പറവൂര്‍, പാരിപ്പള്ളി, ചടയമംഗലം സ്റ്റേഷനുകളിലും തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം, മംഗലപുരം, വെഞ്ഞാറമൂട്, കഠിനംകുളം, ആറ്റിങ്ങല്‍, കടയ്ക്കാവൂര്‍, കല്ലമ്പലം, വര്‍ക്കല, അയിരൂര്‍, കിളിമാനൂര്‍ സ്റ്റേഷനുകളിലും പത്തനംതിട്ട ജില്ലയില്‍ പന്തളം, അടൂര്‍ എന്നീ പോലിസ് സ്റ്റേഷനുകളിലും  രജിസ്റ്റര്‍ ചെയ്ത് വിവിധ കേസ്സുകളിലായി 18 വര്‍ഷത്തോളം ഫസലുദീന്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പച്ചക്കറി ഉന്തുവണ്ടിയില്‍ കച്ചവടം ചെയ്തും, ആക്രി സാധനങ്ങള്‍ ശേഖരിക്കാനായി നടന്നു പകല്‍ സമയം ആളില്ലാത്ത വീടുകള്‍ നോക്കിവച്ചതിന് ശേഷമാണ്  രാത്രികളില്‍ കവര്‍ച്ച നടത്തുന്നത്.

ആറ്റിങ്ങല്‍ ഡിവൈഎസ്പി പി.വി ബേബിയുടെ നേതൃത്തത്തില്‍ വര്‍ക്കല പോലിസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ജി. ഗോപകുമാര്‍, വര്‍ക്കല എസ്‌ഐ ശ്യാം എംജി , പ്രൊബേഷന്‍ എസ്‌ഐ പ്രവീണ്‍ വിപി , ജി.എസ്‌.ഐമാരായ ഷാബു, സുനില്‍, എ.എസ്‌.ഐമാരായ നവാസ്,  ബിജു , ഡബ്ലിയു.സി.പി.ഒ മാരായ ബിന്ദു, മായാലക്ഷ്മി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.  അറസ്റ്റ് ചെയ്ത പ്രതികളെ  വര്‍ക്കല കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.