ആരോഗ്യവകുപ്പ് മന്ത്രി ഇത് കാണണം, ഇവിടെ വലിയ രോഗങ്ങൾ പടർന്നു പിടിക്കാൻ സാധ്യത

തോന്നയ്ക്കൽ : പഞ്ചായത്ത്‌ അധികാരികൾ കണ്ണും മൂക്കും പൊത്തി ഇരിക്കുന്നു ജനങ്ങൾ ഓടി നടക്കുന്നു ഇതാണ് മംഗലപുരം പഞ്ചായത്ത്‌ പരിധിയിലെ തോന്നയ്ക്കൽ പ്രദേശത്തെ അവസ്ഥ. രോഗങ്ങൾ പടർന്നു പിടിക്കുമ്പോൾ അങ്ങോട്ടുമിങ്ങോട്ടും പരക്കം പാഞ്ഞിട്ട് കാര്യമില്ല . തോന്നയ്ക്കൽ ആശാൻ സ്മാരകത്തിന് സമീപം ദിനവും മാലിന്യം കാണുന്ന ഒരു നാട്ടുകാരൻ പറഞ്ഞ വാക്കുകളാണ് മുകളിൽ. നിരവധി തവണ പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും യാതൊരു വിധ നടപടികളും ഉണ്ടായിട്ടില്ല എന്നാണ് ആക്ഷേപം. ദിവസേന ആയിരക്കണക്കിന് ആളുകൾ യാത്ര ചെയ്യുന്ന ദേശീയ പാതയിലാണ് മാലിന്യവുമായി സാമൂഹിക വിരുദ്ധരുടെ വിളയാട്ടം. കൂടാതെ കൊച്ചു കുട്ടികൾ ഉൾപ്പടെ സ്കൂളുകളിൽ നിന്ന് സന്ദർശനത്തിന് എത്തുന്ന കുമാരനാശാൻ സ്മാരകത്തിന് സമീപത്താണ് ഈ തോന്നിവാസം. പരാതികൾ പേപ്പറുകളായി പെരുകുന്നതല്ലാതെ മാലിന്യ നിക്ഷേപത്തിന് ചുവപ്പ് വര വീഴുന്നില്ല. സിസിടിവി ക്യാമറകൾ ഉണ്ടെന്ന് അവകാശപ്പെടുന്ന പ്രദേശങ്ങൾക്ക് സമീപത്താണ് ഇത്തരം പ്രവർത്തികൾ തുടരുന്നതെന്നും ആരോപണമുണ്ട്. മാത്രമല്ല വഴി വിളക്കുകൾ കൃത്യമായി പ്രകാശിക്കാത്തതും സാമൂഹിക വിരുദ്ധർക്ക് അവസരം ഒരുക്കി കൊടുക്കുകയാണ്. കോളേജ് കുട്ടികളും രോഗികളും സാധാരണക്കാരും കടന്നു പോകുന്ന പ്രദേശത്ത് ഇനിയും മാലിന്യ നിക്ഷേപം അനുവദിക്കരുത് എന്നാണ് ജനസംസാരം. ശക്തമായ നടപടികൾ കൈ കൊള്ളണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. മന്ത്രി  ഇടപെടുമെന്നും പരിഹാരം കാണുമെന്നും ജനങ്ങൾ പ്രതീക്ഷിക്കുന്നു..