കോറോണയെ ചെറുക്കാൻ മുൻകരുതലുമായി ആറ്റിങ്ങൽ നഗരസഭ : കുട്ടികളുടെ പാര്‍ക്കും മുനിസിപ്പല്‍ ലൈബ്രറിയും വായനശാലയും അടച്ചു

ആറ്റിങ്ങൽ : കൊല്ലമ്പുഴയിലെ കുട്ടികളുടെ പാര്‍ക്കും മുനിസിപ്പല്‍ ലൈബ്രറിയും വായനശാലയും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിട്ടു. നഗരസഭാ ഹെല്‍ത്ത് വിഭാഗം ജീവനക്കാര്‍ക്ക് അടിയന്തിര ആവശ്യങ്ങളില്‍ മാത്രമേ ലീവ് അനുവദിക്കൂ. എല്ലാ ഹോട്ടലുകളും റസ്‌റ്റോറന്റുകളും വൈകുന്നേരം 3ന് അടച്ചിട്ട് അണുനശീകരണം നടത്തണം. എല്ലാ പാരലല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ബുധനാഴ്ച മുതല്‍ അടച്ചിടണം. നിര്‍ദ്ദേശം ലംഘിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കും. എല്ലാ വിവാഹ മണ്ഡപങ്ങളിലും ആഡിറ്റോറിയങ്ങളിലും ആഹാരം കഴിക്കുന്നതിന് മുമ്പ് കൈ കഴുകി വൃത്തിയാക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഉറപ്പ് വരുത്തും. ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍ എന്നിവിടങ്ങളിലും ഹാന്‍ഡ് വാഷ് സംവിധാനം ഉറപ്പ് വരുത്തും. നഗരസഭയുടെ നിയന്ത്രണത്തിലുള്ള ഹാളുകളുടെ ബുക്കിംഗ് നിര്‍ത്തിവെച്ചു. നഗരസഭയിലെ ജീവനക്കാര്‍ക്കുള്ള പഞ്ചിംഗ് സംവിധാനവും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവെച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ പൂര്‍ണ്ണമായും ഫീല്‍ഡില്‍ ഉണ്ടാകും. ആശാവര്‍ക്കര്‍മാര്‍, അംഗനവാടി ജീവനക്കാര്‍, ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ എന്നിവരുടെ അടിയന്തിര യോഗം ബുധനാഴ്ച വൈകുന്നേരം 3ന് നഗരസഭാ ഓഫീസില്‍ ചേരും.