ബസുകളില്‍ ഇനി പോലീസ് സ്‌റ്റേഷനിലെയും ആര്‍ടി ഓഫീസിലെയും ഫോണ്‍ നമ്പരുകളും നിര്‍ബന്ധം

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും യാത്രാവേളകളില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെപ്പറ്റി പരാതിപ്പെടാന്‍ എല്ലാ ബസുകളിലും അതത് പ്രദേശങ്ങളിലെ ആര്‍.ടി.ഒ. സബ് ആര്‍.ടി.ഒ., പോലീസ് സ്റ്റേഷന്‍ എന്നിവയുടെ ഫോണ്‍ നമ്പരുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന് ഗതാഗത കമ്മിഷണര്‍ ഉത്തരവായി. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി. ഓരോ മൂന്നുമാസം കൂടുമ്പോഴും ജില്ലകളില്‍ കളക്ടറുടെ അധ്യക്ഷതയില്‍ യാത്രാസമിതികള്‍ വിളിച്ചുകൂട്ടി സ്വകാര്യ വാഹനങ്ങളില്‍ കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ വിലയിരുത്തി നടപടിയെടുക്കണമെന്നും കമ്മിഷണര്‍ ഉത്തരവായി.

കോഴിക്കോട് മടവൂരില്‍ സ്വകാര്യ ബസില്‍ ഇരുന്നു യാത്ര ചെയ്ത സ്‌കൂള്‍ വിദ്യാര്‍ഥിയോട് മോശമായി പെരുമാറിയെന്നും അടിച്ചുവെന്നുമുള്ള പരാതിയിന്മേലായിരുന്നു ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ബസുകളിലെ ഒഴിവുള്ള സീറ്റുകള്‍ കുട്ടികള്‍ ഇരിക്കാതെ ജീവനക്കാര്‍ കൈയടക്കുന്ന പ്രവണത അനുവദിക്കരുത്. നിര്‍ദേശങ്ങള്‍ പാലിക്കാത്ത ഉടമകള്‍ക്കും ജീവനക്കാര്‍ക്കുമെതിരേ തക്കതായ നടപടിയെടുക്കണം.

സ്‌കൂള്‍കുട്ടികള്‍ക്ക് യാത്രാവേളകളില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ജില്ലാ കളക്ടര്‍ അധ്യക്ഷനായ സ്റ്റുഡന്റ്സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി മൂന്നു മാസത്തിലൊരിക്കല്‍ കൂടണമെന്നും ഗതാഗത കമ്മിഷണര്‍ ഉത്തരവായി.