ശാർക്കര പറമ്പ് ലേലമായില്ല…

ചിറയിൻകീഴ്: ശാർക്കര മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന വിനോദ – വ്യാപാരമേളയുടെ ഭാഗമായി പറമ്പ് ഇ – ടെണ്ടർ ലേലം കൊള്ളാൻ ആളില്ല. മാർച്ച് 19നാണ് ഉത്സവം കൊടിയേറുന്നത്. കൊടിയേറുന്നതിന് ഒരു മാസം മുൻപെങ്കിലും ലേലം കൊണ്ടാലേ ഒരു മാസത്തിനകം വച്ച് ശാർക്കര പറമ്പിൽ അങ്ങോളമിങ്ങോളം നൂറോളം കടകൾ കെട്ടി കച്ചവടം തുടങ്ങാൻ സാധിക്കൂ. എന്നാൽ ഉത്സവത്തിന് ഇനി ഇരുപത് ദിവസം പോലുമില്ല. കഴിഞ്ഞ വർഷം ലേലംകൊണ്ട ശാർക്കര പുതുക്കരി സ്വദേശി വിഷ്ണുദാസിന് നഷ്ടമായിരുന്നു. 1,11,00,000 രൂപയ്ക്കാണ് കഴിഞ്ഞ വർഷം ലേലം പോയത്. ഈ വർഷത്തെ ലേലം തിങ്കളാഴ്ച തിരുവനന്തപുരം ദേവസ്വം ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിൽ വച്ചാണ് നടന്നത്. എന്നാൽ ലേലം എടുക്കാൻ ആളില്ലായിരുന്നു. ഉത്സവം തുടങ്ങാൻ വെറും പതിനാറ് ദിവസം മാത്രം അവശേഷിക്കവെ ലേലം കൊണ്ടാൽ ഉത്സവം തീർന്നാലെ കടകൾ കെട്ടിത്തീരൂ. എന്നാൽ ഉത്സവ സമയത്താണ് കൂടുതൽ ജനത്തിരക്കായതിനാൽ മികച്ച രീതിയിൽ കച്ചവടം നടക്കുക. ഇക്കാര്യം ഉത്തമ ബോധ്യമുള്ള ദേവസ്വം ബോർഡ് അധികൃതരുടെ അനാസ്ഥ മൂലമാണ് ഇത്തവണ ലേലത്തിൽ പങ്കെടുക്കാൻ ആളില്ലാത്തത്. അടുത്ത ലേലം മാർച്ച് 11നോ 12നോ ആയിരിക്കുമെന്ന് ശാർക്കര എ.ഒ അറിയിച്ചു.