സംസ്ഥാനത്ത് 3 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ 3 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് മലപ്പുറം ജില്ലയില്‍ രണ്ടു പേര്‍ക്കും കാസറഗോഡ് ജില്ലയില്‍ ഒരാള്‍ക്കും കൂടിയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 27 ആണ്. അതില്‍ 3 പേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. നിലവില്‍ 24 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

146 ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം പടര്‍ന്നു പിടിക്കുന്നതിനാല്‍ ലോകാരോഗ്യ സംഘടന കോവിഡ് 19 രോഗത്തെ മഹാമാരിയായി പ്രഖ്യാപിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ രോഗബാധയ്‌ക്കെതിരെ ജാഗ്രതയും നിരീക്ഷണവും ശക്തിപ്പെടുത്തി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 12,740 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 12,470 പേര്‍ വീടുകളിലും 270 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങള്‍ ഉള്ള 2297 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 1693 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

പത്രസമ്മേളനത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പങ്കെടുത്തു.