പാരിപ്പള്ളിയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന അഞ്ചു പേർക്കും തിരുവനന്തപുരത്തെ പൊലീസുകാരനും കൊറോണ ഇല്ല

കോവിഡിനെതിരെ സംസ്ഥാനം അതീവ ജാഗ്രതയിൽ. കോട്ടയത്ത് ചികിൽസയിലുളള വൃദ്ധ ദമ്പതികളുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ബാക്കി 12 അസുഖ ബാധിതരുടേയും നില തൃപ്തികരമാണ്. പാരിപ്പള്ളിയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന അഞ്ചു പേർക്കും തിരുവനന്തപുരത്തെ പൊലീസുകാരനും രോഗമില്ല. നിരീക്ഷണത്തിലുള്ളവർ സർക്കാർ നിർദേശങ്ങളോട് നിസഹകരിക്കുന്നതാണ് ആരോഗ്യവകുപ്പ് നേരിടുന്ന വെല്ലുവിളി.

സ്കൂളുകളുടെ അവധി ഉൾപ്പെടെ സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങളെല്ലാം നിലവിൽ വന്നതിനൊപ്പം മുൻകരുതൽ നടപടികൾ കൂടുതൽ ശക്തമാക്കുകയാണ്.

നിയന്ത്രണങ്ങൾക്കിടെ ആശ്വാസ വാർത്തയുമുണ്ട്. ഇറ്റലിയിൽ നിന്നെത്തിയവർ അടുത്ത സമ്പർക്കം പുലർത്തിയ പുനലൂരുകാരായ ബന്ധുക്കളിൽ അഞ്ചുപേർക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചു. ഇറ്റലിക്കാർ പത്തനംതിട്ട എസ്പി ഓഫീസിൽ കണ്ട പൊലീസുകാരനും രോഗമില്ല. ആറ്റുകാൽ ഡ്യൂട്ടിക്കിടെ ഇദ്ദേഹത്തിന് ലക്ഷണങ്ങൾ കണ്ടെത്തിയത് ആശങ്ക പരത്തിയിരുന്നു.

ഇറ്റലിക്കാരുടെ വൃദ്ധമാതാപിതാക്കളുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. പത്തനംതിട്ടയിലും എറണാകുളത്തുമായി ചികിൽസയിൽ കഴിയുന്ന ബാക്കി പ്രന്തണ്ട് പേരുടേയും ആരോഗ്യനിലയിൽ ആശങ്കയില്ല. കൂടുതൽ രോഗബാധിത കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്ത ഇന്ന് 151 പേരുടെ പരിശോധനാഫലം പ്രതീക്ഷിക്കുന്നുണ്ട്. റാന്നിയിൽ കോവിഡ് ലക്ഷണം കണ്ട അമ്മയേയും കുഞ്ഞിനേയും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടത്ത് കോവിഡ് ബാധിതര് ആദ്യം ചികിത്സ തേടിയ തിരുവാതുക്കലിലെ ക്ലിനിക്ക് അടപ്പിച്ചു. ഇവിടത്തെ ഡോക്ടർ നിരീക്ഷണത്തിലാണ്. ഇത്തരത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന അറിവും വിവരവും ഉളളവർ പോലും പൊതുജനങ്ങളുമായി സമ്പർക്കം പുലർത്തുന്നതാണ് ആരോഗ്യവകുപ്പ് നേരിടുന്ന പ്രതിസന്ധി.

ഓർക്കുക! സമൂഹത്തിന്റെ പൊതു നന്മയെ കരുതി ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ സംസ്ഥാനത്തെ മുഴുവൻ ജനങ്ങളുടേയും ജീവന് ഭീഷണിയാകും.