കൊറോണ വൈറസ് : വർക്കലയിൽ കനത്ത ജാഗ്രതാ നിർദ്ദേശം

വർക്കല: കൊറോണ വൈറസ് രോഗത്തെ നേരിടാൻ വർക്കലയിൽ കനത്ത ജാഗ്രതാ നിർദ്ദേശം നൽകി. നഗരസഭയുടെ നേതൃത്വത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരുടെയും മെഡിക്കൽ ഓഫീസർമാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും അടിയന്തരയോഗം കൂടിയാണ് രോഗം നേരിടാനുള്ള മുന്നൊരുക്കങ്ങൾക്ക് തുടക്കമിട്ടത്.പത്താം ക്ലാസ്,  പ്ലസ്ടു പരീക്ഷകൾ നടക്കുന്ന സെന്ററുകളിലെ പ്രഥമാദ്ധ്യാപകർ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും നിർദ്ദേശം നൽകി. സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളുൾപ്പെടെ എല്ലാ പരിശീലനകേന്ദ്രങ്ങളും 31വരെ അടച്ചിടാൻ നിർദ്ദേശിച്ചു. അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ അവരുടെ യാത്രാവിവരങ്ങൾ അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കാൻ പ്രത്യേക ഹെൽത്ത് സ്ക്വാഡിനെയും നിയോഗിച്ചു. വിനോദസഞ്ചാര മേഖലയിൽ റിസോർട്ടുകൾക്കും ഹോംസ്റ്റേകൾക്കും റസ്റ്റോറന്റുകൾക്കും ജാഗ്രതാ നോട്ടീസ് നൽകി. വിദേശ ടൂറിസ്റ്റുകളുടെ യാത്രാരേഖകളും വിവരങ്ങളും യഥാസമയം താലൂക്കാശുപത്രിയിലും പൊലീസ് സ്റ്റേഷനിലും അറിയിക്കണമെന്ന് നിർദ്ദേശവും നൽകി. മദ്രസകൾ, പള്ളികൾ എന്നിവിടങ്ങളിലെ മേധാവികൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. വിദേശത്ത് നിന്നും വരുന്ന പ്രവാസികൾക്ക് രോഗലക്ഷണമില്ലെങ്കിലും യാത്രകൾ ഒഴിവാക്കി വീടുകളിൽ തന്നെ കഴിയേണ്ടതാണ്. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള ഉത്സവം അടക്കമുള്ള പൊതു പരിപാടികൾ പരമാവധി നിയന്ത്റിക്കണം. ബോധവത്കരണത്തിന്റെ ഭാഗമായി പ്രധാന കേന്ദ്രങ്ങളിൽ ബാനറുകളും ടൂറിസം മേഖലയിൽ അനൗൺസ്മെന്റും ലഘുലേഖാ വിതരണവും ആരംഭിച്ചു.