രാജ്യത്ത് കൊറോണ ബാധിച്ച് ഒരാള്‍ കൂടി മരിച്ചു: മരണം മൂന്നായി.

മഹാരാഷ്ട്രയിൽ കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന ആൾ മരിച്ചു. മുംബൈ കസ്തൂർബ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 64-കാരനാണ് മരിച്ചത്.

ഇതോടെ രാജ്യത്ത് കൊറോണവൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. മഹാരാഷ്ടയിൽ ദുബായിൽ നിന്ന് എത്തിയ ആളാണ് മരിച്ചതെന്നാണ് റിപ്പോർട്ട്.
നേരത്തെ കർണാടകയിലും ഡൽഹിലുമായിരുന്നു ഓരോരുത്തർ മരിച്ചത്.

രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 125 ആയി ഉയർന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ളത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ടനുസരിച്ചുള്ള കണക്കാണിത്. രോഗം പടരുന്നത് തടയാൻ കേന്ദ്ര സർക്കാരും വിവിധ സംസ്ഥാന സർക്കാരുകളും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിവരികയാണ്.

അതേസമയം, കൊറോണ വൈറസ് ബാധിച്ച് ലോകത്ത് മരണപ്പെട്ടവരുടെ എണ്ണം 7100ന് മുകളിൽ ആയി. ഏറ്റവും കൂടുതൽ മരണം ചൈനയിലാണ്, 3226 പേർ. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയ്ക്ക് ശേഷം കൊറോണ വ്യാപകമായി പടർന്ന ഇറ്റലിയിൽ 2158 പേരും മരണപ്പെട്ടു. 87 പേരാണ് അമേരിക്കയിൽ മരിച്ചത്. 162 രാജ്യങ്ങളിലായി 182,550 ആളുകൾക്ക് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചു.

രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ച 125 പേരിൽ 22 പേർ വിദേശികളാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ളത്. 39 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 24 പേർക്ക് രോഗം സ്ഥിരീകരിച്ച കേരളമാണ് രണ്ടാം സ്ഥാനത്ത്. ഇതിൽ രണ്ടു പേർ വിദേശികളാണ്. തിങ്കളാഴ്ച പുതുതായി മൂന്ന് പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.