കൊറോണ: പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ കളക്ടർ

തിരുവനന്തപുരം : jകോറോണ വൈറസ് ബാധയുടെ നിലവിലുള്ള സ്ഥിതിയനുസരിച്ച് പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ പറഞ്ഞു. പരമാവധി മാസ്‌ക്കുകളുടെ ദുരുപയോഗം ഒഴിവാക്കണം. ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശമനുസരിച്ച് കടുത്ത രോഗലക്ഷണമുള്ളവർ, രോഗികൾ, അവരെ ചികിത്സിക്കുന്ന ഡോക്ടർമാർ എന്നിവർ മാസ്‌ക് ധരിച്ചാൽ മതിയാകും. എന്നാൽ പൊതുജനങ്ങൾ പരിഭ്രാന്തരായി മാസ്‌ക് വാങ്ങാൻ തിരക്കുകൂട്ടുന്നതുമൂലം മാസ്‌കിന്റെ ലഭ്യത കുറയുന്ന സാഹചര്യമുണ്ട്. തലവേദന, പനി, ജലദോഷം തുടങ്ങിയവയ്ക്ക് ചികിത്സ അത്യാവശ്യമായി വരുന്നവർ മാത്രം ആശുപത്രി സന്ദർശിച്ചാൽ മതിയാകും. രോഗികളെ കാണാൻ സന്ദർശകരായെത്തുന്നത് മാർച്ച് 31 വരെ ഒഴിവാക്കണം. പ്രതിരോധ നടപടികൾക്കായി സ്വകാര്യ ആശുപത്രികൾ ഉൾപ്പടെ ആരോഗ്യരംഗം ഒറ്റക്കെട്ടായി നിൽക്കണമെന്നും കളക്ടർ നിർദേശിച്ചു. സ്വകാര്യ ആശുപത്രികളുടെ സഹകരണം ഉറപ്പിക്കാൻ ജില്ലയിലെ സ്വകാര്യ ആശുപത്രികളുടെ പ്രതിനിധികളുമായി കളക്ടർ യോഗം ചേർന്നു. ഡെപ്യൂട്ടി കളക്ടർ അനു എസ്. നായർ, ജില്ലാ മെഡിക്കൽ ഓഫീസർ, ഐഎംഎ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.