കൊറോണ വൈറസ്: വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജിനെതിരെ വ്യാജപ്രചരണം നടത്തിയവർ കുടുങ്ങും

വെഞ്ഞാറമൂട് : കൊറോണ വൈറസ് ബാധിച്ചവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിച്ചതായി വ്യാജ പ്രചരണം. ഗോകുലം ആശുപത്രിയിൽ കൊറോണ ബാധിതർ ഉണ്ടെന്നും ആശുപത്രി അധികൃതർ അത് മറച്ചു വെച്ചിരിക്കുകയാണെന്നും അതു കൊണ്ട് ആരും ആ ആശുപത്രിയിൽ പോകാൻ പാടില്ലെന്നും അറിയിച്ചു കൊണ്ടുള്ള ഓഡിയോ ക്ലിപ്പ് ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എന്നാൽ ആശുപത്രിയ്ക്കെതിരെ വ്യാജ പ്രചരണം നടത്തുന്നതായും ജനങ്ങളിൽ ഭീതി സൃഷ്ടിക്കുന്നതായും കാണിച്ചു കൊണ്ട് ആശുപത്രി അധികൃതർ പോലീസിൽ പരാതി നൽകി.

സംഭവവുമായി ബന്ധപ്പെട്ട് എംഎൽഎ ഡികെ മുരളിയുടെ ഫേസ്ബുക്ക് പ്രതികരണം ഇങ്ങനെ :

“വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിൽ കൊറോണാ ബാധിതരായ രോഗികളെ പ്രവേശിപ്പിച്ചിട്ടുണ്ട് എന്ന രീതിയിൽ വ്യാജ വാർത്ത പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. വാർത്ത ശ്രദ്ധയിൽ വന്ന ഉടനെ തന്നെ ജില്ലാ മെഡിക്കൽ ഓഫീസറുമായും പോലീസ് ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ടു. അവർ പരിശോധന നടത്തിയിട്ടുണ്ട്. എന്തെങ്കിലും വാർത്തകൾ അറിഞ്ഞാൽ ബന്ധപ്പെട്ട അധികൃതരോട് അന്വേഷിച്ച് മനസ്സിലാക്കിയ ശേഷം മാത്രം പങ്കുവയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ‌ സമൂഹത്തിനു് ആശങ്കയുണ്ടാക്കുന്ന രീതിയിൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയുണ്ടാകും.
കൊറോണ ബാധിച്ചുവെന്ന് സംശയിക്കുന്നവരെ നിലവിലെ പ്രോട്ടോകോൾ പ്രകാരം ഒരു സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിക്കാൻ കഴിയില്ല. തിരുവനന്തപുരം മെഡിക്കൽ കോളജിലും ജനറൽ ആശുപത്രിയിലും ആണ് ഇതിന് സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാന ആരോഗ്യ വകുപ്പ് ജാഗരൂകമാണ്. നിലവിൽ ഇത് സംബന്ധിച്ച് ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ല.
സർക്കാർ ഒപ്പമുണ്ട്”