സംസ്ഥാനത്ത് രണ്ടുപേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് രണ്ടുപേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ദുബായിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിക്കും ഖത്തറിൽനിന്നെത്തിയ തൃശ്ശൂർ സ്വദേശിക്കുമാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം സ്വദേശിക്ക് വൈറസ് ബാധ സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.രോഗം സ്ഥിരീകരിച്ച കണ്ണൂർ സ്വദേശിയെ പരിയാരം മെഡിക്കൽ കോളേജിലും തൃശ്ശൂർ സ്വദേശിയെ തൃശ്ശൂർ ജനറൽ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 19 ആയി. ഇതിൽ മൂന്നുപേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. നിലവിൽ 16 പേരാണ് ചികിത്സയിലുള്ളത്.

4180 പേരാണ് നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 3910 പേർ വീടുകളിലും 270 പേർ ആശുപത്രികളിലുമാണ്. 1337 സാമ്പിളുകൾ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 953 സാമ്പിളുകളുടെ ഫലവും നെഗറ്റീവാണ്. ബാക്കിയുള്ളവയുടെ ഫലം കാത്തിരിക്കുന്നു. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ കൂടി സാമ്പിൾ പരിശോധയ്ക്കുള്ള സംവിധാനം ഒരുക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.