കൊറോണ വൈറസ് : ഇറാനിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളിൽ അഞ്ചുതെങ്ങ് സ്വദേശികളും

അഞ്ചുതെങ്ങ് : കൊറോണ സുരക്ഷാ നടപടികളുടെ ഭാഗമായി വിമാനസർവീസുകൾ റദ്ദാക്കിക്കിയതിനെതുടർന്ന് നാട്ടിലേക്ക് മടങ്ങുവാൻ കഴിയാതെ ഇറാനിൽ കുടുങ്ങിയ മലയാളി മല്‍സ്യതൊഴിലാളികളിൽ രണ്ട് അഞ്ചുതെങ്ങ് സ്വദേശികളും, അഞ്ചുതെങ്ങ് പുതുവൽപുരയിടം ജോബ് സെബാസ്റ്റ്യൻ (സാബു) (35), അഞ്ചുതെങ്ങ് മുഖ്യസ്ഥൻ പറമ്പ് അഗസ്റ്റിൻ മൈക്കിൾ എന്നിവരാണ് ഇറാനിലുള്ളത് ഇരുവരും മൽസ്യത്തൊഴിലാളികളാണ്.

ഇതിൽ ജോബ് സെബാസ്റ്റ്യൻ സീറോയിലും അഗസ്റ്റിൻ മൈക്കിൾ അസലൂരിലുമാണ്, കൂടാതെ തിരുവനന്തപുരം പൊഴിയൂര്‍, വിഴിഞ്ഞം , മരിയനാട് തുടങ്ങിയ പ്രദേശങ്ങളിലെയും തമിഴ്നാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽനിന്നുമുള്ള നിരവധി മൽസ്യത്തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുവാൻ കഴിയാതെ കിഷ്, ഹാങ്ക്കൂൻ, ചാർക്ക്, ലാവാൻ, തിസാമ്,പുഷ്താന, മുഖം തുടങ്ങിയ തീര പ്രദേശങ്ങളിലും മറ്റുമായി കുടുങ്ങികിടക്കുന്നുണ്ടെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്.

എന്നാൽ ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കുവാനുള്ള തീവ്ര ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു എന്നാണ് കേന്ദ്ര സർക്കാരിന്റെയും തെഹ്‌റാൻ എംബസിയും നൽകുന്ന വിവരം. ഇന്ത്യാക്കാരില്‍ ആദ്യ സംഘത്തെ ഇന്ത്യയുടെ സി 17 ഗ്ലോബ് മാസ്റ്റർ വിമാനത്തിൽ 58 പേരടങ്ങുന്ന സംഘം ഗാസിയാബാദിലെ ഹിൻഡണ്‍ വിമാനത്താവളത്തിൽ എത്തിച്ചിരുന്നു. ഇവരിൽ 25 പുരുഷൻമാരും 31 സ്ത്രീകളും 2 കുട്ടികളുമാണ്, ഇവരോടൊപ്പം ഇറാനിലെ കൊറോണ ഭീതി നേരിടുന്ന പ്രദേശങ്ങളിലെ ഇന്ത്യക്കാരുടെ പരിശോധനയ്ക്കുള്ള 529 സാമ്പിളുകളും ഇതേ വിമാനത്തിൽ എത്തിച്ചിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.

ദിനംപ്രതി ഇറാന്റെ പല മേഖലകളിലും പടർന്നുപിടിക്കുന്ന കൊറോണ ഭീതിയിൽ നിന്നും തങ്ങളെ രക്ഷപ്പെടുത്തി എത്രയുംപെട്ടെന്ന് തന്നെ നാട്ടിലേക്ക് അയക്കുവാനുള്ള സഹായങ്ങൾ നൽകണമെന്നാണ് മത്സ്യത്തൊഴിലാളികൾ ആവിശ്യപ്പെടുന്നത്.