വിദേശത്തുനിന്നെത്തി നിരീക്ഷണത്തിലായിരുന്നയാള്‍ അപകടത്തില്‍പ്പെട്ടു, ചികിത്സിച്ച ഡോക്ടർമാർ അവധിയില്‍

പുനലൂരിൽ അപകടത്തിൽപ്പെട്ട, വിദേശത്തുനിന്ന് അടുത്തിടെ എത്തിയ ആൾക്ക് കൊറോണയെന്ന് സംശയം. തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ഇയാൾക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നു. വിദേശത്തുനിന്ന് വന്നതിനാൽ വീട്ടിൽ കോറന്റൈനിൽ കഴിയാൻ ഇയാളോട് നിർദേശിച്ചിരുന്നു.

അത് ലംഘിച്ചാണ് ഇയാൾ പുറത്തിറങ്ങുകയും വാഹനം അപകടത്തിൽപ്പെടുകയും ചെയ്തത്. പുനലൂരിൽ വെച്ച് ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിച്ച ഇയാളെ അവിടെ ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തു.

മെഡിക്കൽ കോളജിൽ ഇയാളെ ചികിത്സിച്ച കാഷ്വാലിറ്റി, സർജറി വിഭാഗങ്ങളിലെ ഡോക്ടർമാരോട് അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടുകഴിഞ്ഞു. അത്യാഹിത വിഭാഗത്തിൽ നിന്ന് ഇയാളെ തുടർ ചികിത്സയുടെ ഭാഗമായി അസ്ഥിരോഗ വിഭാഗത്തിലും സർജറി വിഭാഗത്തിലും കൊണ്ടുപോയിരുന്നു.

തിങ്കളാഴ്ച രാവിലെയാണ് കൊറോണ സംശയിച്ച് നിരീക്ഷണത്തിലാക്കിയിരുന്ന ആളാണ് ഇയാളെന്ന വിവരം അറിയുന്നത്. അപ്പോൾ തന്നെ ഇയാളെ ഐസൊലേഷനിലേക്ക് മാറ്റി. പി.ജി ഡോക്ടർമാർ, ഹൗസ് സർജന്മാർ മറ്റ് ഡോക്ടർമാർ എന്നിങ്ങനെ ഇയാളുമായി സമ്പർക്കം ഉണ്ടായിട്ടുള്ള ജീവനക്കാർ അടക്കമുള്ളവരോട് അവധിയിൽ പോകാൻ നിർദേശിച്ചിരിക്കുകയാണ്.