തിരുവനന്തപുരത്ത് കൊറോണ സ്ഥിരീകരിച്ച ഡോക്ടർ രോഗികളെ പരിശോധിച്ചത് ദിവസങ്ങളോളം…

തിരുവനന്തപുരം: കൊറോണ മരണം വിതച്ച സ്പെയിനിൽ നിന്നെത്തിയ തിരുവനന്തപുരത്തെ ഡോക്‌ടർക്ക് കഴിഞ്ഞ ദിവസമാണ് രോഗം സ്ഥിരീകരിച്ചത്. മെഡിക്കൽ കോളേജ് കാമ്പസിലെ അന്താരാഷ്‌ട്ര പ്രശസ്തമായ ഗവേഷണ- ചികിത്സാ സ്ഥാപനത്തിലെ സീനിയർ ഡോക്ടർക്ക് സ്‌പെയിനിലെ ക്യാമ്പിനിടെയാണ് കൊറോണ വൈറസ് ബാധിച്ചത്. നാട്ടിലെത്തിയ ഇദ്ദേഹം ആശുപത്രിയിലെത്തി രോഗികളെ പരിശോധിച്ചിരുന്നതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം. ഊർജ്ജിതമാക്കിയ ആരോഗ്യവകുപ്പ്,​ ഈ ദിവസങ്ങളിൽ ഡോക്ടറുടെയടുത്ത് ചികിത്സ തേടിയവരെയും കൂടെയുണ്ടായിരുന്നവരെയും കണ്ടെത്താൻ രാത്രി തന്നെ ശ്രമം തുടങ്ങി.

മാർച്ച് രണ്ടിന് തലസ്ഥാനത്ത് എത്തിയ ഡോക്ടർക്ക് നേരിയ പനിയും അനുബന്ധ ലക്ഷണങ്ങളും കണ്ടതിനെ തുടർന്ന് ആരോഗ്യപ്രവർത്തകർ വിമാനത്താവളത്തിൽ വച്ചുതന്നെ അദ്ദേഹത്തോട് വീട്ടിൽ നിരീക്ഷണത്തിൽ തുടരാൻ (ഹൗസ് ക്വാറന്റൈൻ)​ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഏഴാം തീയതി മുതൽ ഇദ്ദേഹം ആശുപത്രിയിൽ ഡ്യൂട്ടിക്ക് എത്തുകയായിരുന്നുവത്രെ. പതിനൊന്നാം തീയതി നില മോശമായപ്പോഴാണ് വിശദ പരിശോധനയ്‌ക്ക് വിധേയനായതെന്നാണ് അറിയുന്നത്.

ഒരു മാതൃകാ ഡോക്‌ടർ പാലിക്കേണ്ട ഉന്നതമൂല്യങ്ങളും രോഗികളോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്വവും കാറ്റിൽ പറത്തി ഈ ദിവസങ്ങളിലെല്ലാം ഇദ്ദേഹം ആശുപത്രിയിൽ രോഗികളെ പരിശോധിച്ചു എന്നാണ് റിപ്പോർട്ട്‌. കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് ഡോക്ടർ ചികിത്സ തേടിയത്. ഡോക്ടർ ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു