നാവായിക്കുളം സ്വദേശിയായ വ്യാജ ഡോക്ടർ നാണയത്തുട്ട് വിഴുങ്ങി ആത്മഹത്യയ്ക്കു ശ്രമിച്ചു, എൻഡോസ്കോപ്പി വഴി പുറത്തെടുത്തു

നാവായിക്കുളം : ഡോക്ടർ ചമഞ്ഞ് തട്ടിപ്പ് നടത്തിവന്നിരുന്നയാൾ അറസ്റ്റിൽ. നാവായിക്കുളം പട്ടാളംമുക്ക് കുന്നുവിള പുത്തൻവീട്ടിൽ രാജേഷി (35) നെയാണ് അരുവിക്കര പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ അരുവിക്കര ഡാമിനു സമീപത്തെ ഒരു വാടക വീട്ടിൽ താമസിച്ച് എസ്.എ.ടി. ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധൻ എന്നവകാശപ്പെട്ടാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. ആറുവർഷമായി എസ്.എ.ടി.യിൽ ജോലിചെയ്തു വരുന്നതായി ഇയാൾ നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചു. ഒരു യുവതിയുടെ പരാതിയെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ നാണയത്തുട്ട് വിഴുങ്ങി ആത്മഹത്യയ്ക്കു ശ്രമിച്ച ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് എൻഡോസ്കോപ്പി വഴി നാണയത്തുട്ട് പുറത്തെടുത്തു.

ഇയാളുടെ പക്കൽനിന്നു വ്യാജ സീലുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.അരുവിക്കര സി.ഐ. ഷിബുകുമാറിന്റെ നേതൃത്വത്തിൽ അഭിലാഷ്, ഷാലു എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.