കൃഷിഭവനും പഞ്ചായത്തും അവഗണിച്ച കർഷകന് സംസ്ഥാനത്തെ മികച്ച ജൈവകർഷകനുള്ള അവാർഡ്

ഫോട്ടോ : സുദേവൻ, ക്യാമറയിൽ പകർത്തിയത് പ്രദീപ്‌ വക്കം

കടയ്ക്കാവൂർ: കൃഷിഭവനും പഞ്ചായത്തും അവഗണിച്ച കർഷകന് സംസ്ഥാനത്തെ ഏറ്റവും മികച്ച ജൈവകർഷകനുള്ള അവാർഡ്. കീഴാറ്റിങ്ങൽ ചരുവിള വീട്ടിൽ സുദേവൻ (55)നാണ് ഏറ്റവും മികച്ച കർഷകന് അർഹനായത്.

സരോജിനി- ദാമോദരൻ ഫൗണ്ടേഷൻ അക്ഷയശ്രീ നൽകുന്ന 25,000 രൂപയും ഉപഹാരവും, സർട്ടിഫിക്കറ്റുമാണ് അവാർഡ്. മാർച്ച് പതിനാലാം തീയതി ആലപ്പുഴയിൽ വെച്ചാണ് അവാർഡ് വിതരണം ചെയ്യുന്നത്.

1997 ഓടെ പ്രവാസ ജീവിതം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിവന്നയാളാണ് സുദേവൻ. വക്കം പുരുഷോത്തമൻ സ്പീക്കറായിരുന്ന കാലത്ത് കൃഷിഭവൻ വഴി മൂന്നുതവണ ഒന്നര ലക്ഷം രൂപയും വർഷത്തിൽ അമ്പതിനായിരം രൂപയും കർഷകർക്ക് നൽകിയിരുന്നു. ഈ കാലയളവിൽ സുദേവനും കൃഷി തുടങ്ങി. വീട്ടിനടുത്തുള്ള 50 സെന്റ് പാട്ടത്തിനെടുത്താണ് കൃഷി ചെയ്തത്. അന്ന് കൃഷിഭവൻ വഴി 1500 രൂപയും വിത്തും ലഭിച്ചിരുന്നു. വർഷങ്ങൾ കഴിഞ്ഞ് കടയ്ക്കാവൂർ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ 35 സെന്റ്, പിന്നീട് സമീപത്തെ 75 സെന്റ് പുരയിടവും പാട്ടത്തിനെടുത്ത് കൃഷി തുടങ്ങി. കൃഷിയിൽ സുദേവന് സഹായിക്കാൻ ഭാര്യയും മക്കളും ഒപ്പം കൂടി.

ഈ വർഷത്തിനിടയിൽ കൃഷിഭവനിൽ നിരവധി തവണ ഒരു പമ്പ് സെറ്റിന് വേണ്ടി സമീപിച്ചിരുന്നെങ്കിലും അവർ കർഷകനെ അവഗണിക്കുകയായിരുന്നത്രെ. കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് അധികൃതർ നിരവധി തവണ മികച്ച കർഷകരെ ആദരിച്ചപ്പോൾ സുദേവൻ എന്ന ഈ കർഷകനെ അവർ കാണാതെ പോയി. കൃഷിഭവനിൽ നിന്നും വിത്തോ വളമോ ഇയാൾക്ക് ലഭിച്ചിട്ടില്ല.

അവഗണനയിൽ പതറാതെ സ്വന്തം കാശുമുടക്കി വിത്തും വളവും വാങ്ങി തന്റെ കഠിനാധ്വാനം കൊണ്ട് തന്റെ കൃഷി ഭൂമിയിൽ നൂറുമേനി കൊയ്തു. കടയ്ക്കാവൂർ പഞ്ചായത്തിന് കീഴിൽ ഏക്കർ കണക്കിന് ഭൂമി തരിശായ കിടപ്പുണ്ട്. പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടായാൽ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യാൻ സുദേവൻ തയ്യാറാണ്. സുദേവന്റെ ഭാര്യ അമ്പിളി ഏലാപ്പുറം സ്കൂളിന് സമീപത്തുള്ള വഴിയോര കടയിൽ സ്വന്തം സ്ഥലത്ത് കൃഷി ചെയ്യുന്ന ജൈവ പച്ചക്കറി വിൽപ്പന നടത്തുന്നുണ്ട്. മക്കളാ അഭിലാഷ് ഡിഗ്രി വിദ്യാർഥിയും അജീഷ് ആറ്റിങ്ങൽ പാരലൽ കോളേജിലെ പ്ലസ് ടു വിദ്യാർഥിയുമാണ്. ഇരുവരും പഠന സമയം കഴിഞ്ഞാൽ അച്ഛനെ സഹായിക്കാൻ ഒപ്പം കൂടാറുണ്ട്. ഇത്രയും നാളത്തെ തന്റെ കഠിനാധ്വാനവും കൃഷി ചെയ്യാനുള്ള മനസ്സും തിരിച്ചറിഞ്ഞ് അവാർഡിനർഹനായതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് സുദേവൻ അറിയിച്ചു. കണിവെള്ളരി, പടവലം, ചീര, സങ്കരയിനം പയറുകൾ, പാവയ്ക്ക മുതലായവയാണ് കൃഷി ചെയ്യുന്നത്.