ആട് മോഷ്ടാക്കൾ വർക്കലയിൽ പിടിയിൽ

വർക്കല: ആടുകളെ മോഷ്ടിച്ച് കശാപ്പ് ചെയ്‌തു വിൽക്കുന്ന സംഘത്തെ പൊലീസ് അറസ്റ്റുചെയ്‌തു. വർക്കല മേൽവെട്ടൂർ വാഴവിളവീട്ടിൽ സാലിഹ് (32), പോത്തൻകോട് കൊയ്‌ത്തൂർകോണം ഷംനാദ് മൻസിലിൽ മുഹമ്മദ്ഹനീഫ (22), വർക്കല രാമന്തളി റാഷിദ റംസാൻ മൻസിലിൽ മുഹമ്മദ് ഹർഷാദ് (22), മുഹമ്മദ് റംസാൻ (19) എന്നിവരാണ് പിടിയിലായത്.

വെട്ടൂർ, ചെറുന്നിയൂർ ഗ്രാമപഞ്ചായത്തുകളിലെ വീടുകളിൽ നിന്നും കഴിഞ്ഞ ഒരു മാസത്തിനിടെ 12ഓളം ആടുകളെ രാത്രിയിൽ മോഷ്ടിച്ച് കൊല്ലം കുണ്ടറയിലെ ആട്ടിറച്ചി വ്യാപാരിക്ക് വിറ്റ കേസിലാണ് അറസ്റ്റ്. ആടുകളെ കടത്തിക്കൊണ്ടുപോകാൻ ഉപയോഗിച്ച മാരുതി സ്വിഫ്റ്ര് കാറടക്കമാണ് പൊലീസ് പിടികൂടിയത്. അറസ്റ്റിലായ സാലി എന്ന സാലിഹ് 2006 മുതൽ 2012 വരെയുളള കാലയളവിൽ വർക്കല, കല്ലമ്പലം, കടയ്ക്കാവൂർ, പാരിപ്പള്ളി, പരവൂർ പൊലീസ് സ്റ്റേഷനുകളിലെ മുപ്പതോളം കവർച്ചക്കേസുകളിലെ പ്രതിയാണ്. തിരുവനന്തപുരം ജില്ലാ സെക്ഷൻസ് കോടതിയിൽ നിന്നുള്ള വാറണ്ടിനെ തുടർന്ന് ആറുമാസം മുമ്പ് വർക്കല പൊലീസ് ഇയാളെ അറസ്റ്റുചെയ്‌തിരുന്നു. ജയിലിൽവച്ചാണ് പോത്തൻകോട് സ്വദേശി മുഹമ്മദ് ഹനീഫയെ സാലിഹ് പരിചയപ്പെട്ടത്. ഹനീഫയുടെ സ്വിഫ്റ്ര് കാറാണ് മോഷണത്തിനുപയോഗിച്ചത്. ആട് മോഷണം നടന്ന വീടുകളുടെ പരിസരങ്ങളിലെല്ലാം സ്വിഫ്റ്ര് കാറിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നെന്ന ലഭിച്ച രഹസ്യ വിവരത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. നടയറ ഭാഗത്തെ വീട്ടിൽ നിന്ന് ആടിനെ മോഷ്ടിക്കാനെത്തിയപ്പോഴാണ് പ്രതികൾ പൊലീസിന്റെ വലയിലായത്. വർക്കല സി.ഐ ജി. ഗോപകുമാർ, എസ്.ഐ ശ്യാം. എം.ജി, പ്രൊബേഷൻ എസ്.ഐ പ്രവീൺ, ജി.എസ്.ഐമാരായ ഷംസുദ്ദീൻ, ഷാബു, ജി.എ.എസ്.ഐ മാരായ രാധാകൃഷ്ണൻ, ഷൈൻ, സി.പി.ഒ അൻസർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റുചെയ്‌തത്. പ്രതികളെ റിമാൻഡ് ചെയ്‌തു.