പെൺകുട്ടിയുടെ വീടിന് എതിർവശത്ത് കടമുറി വാടകയ്ക്കെടുത്ത് വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോയി : പ്രതി പിടിയിൽ

കല്ലമ്പലം: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി ഒളിവിൽ താമസിച്ച പ്രതി അറസ്റ്റിൽ. പാലക്കാട് പട്ടാമ്പി പൂവക്കോട് ഇട്ടിലത്തൊടി വീട്ടിൽ അൻഷാദ് (25) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ വീടിന് എതിർവശത്ത് ആക്രിക്കട തുടങ്ങാനെന്ന വ്യാജേന കടമുറി വാടകയ്ക്കെടുക്കുകയും പെൺകുട്ടിയുടെ പിതാവുമായി ചങ്ങാത്തം കൂടുകയും ചെയ്ത പ്രതി പെൺകുട്ടിയെ വശീകരിക്കുകയായിരുന്നു. വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ വിളിച്ചുവരുത്തി അവിടെനിന്ന് ചെന്നൈയിലെത്തിച്ച് ഒളിച്ചു താമസിച്ചു. അവിടെനിന്ന് പാലക്കാട്ടേക്ക് പോകും വഴിയാണ് അറസ്റ്റിലായത്. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് കല്ലമ്പലം പൊലീസ് നടത്തിയ അന്വേഷണത്തിൽ വിവരം പട്ടാമ്പി പൊലീസിന് കൈമാറുകയും ഇരുവരെയും കണ്ടെത്തിയ ശേഷം പൊലീസ് അവിടെ തടഞ്ഞുവയ്ക്കുകയും ചെയ്തു. ജില്ലാ പൊലീസ് മേധാവി അശോകന്റെ നിർദ്ദേശപ്രകാരം കല്ലമ്പലം പൊലീസ് ഇൻസ്പെക്ടർ ഫറോസ്. ഐ,സബ് ഇൻസ്പെക്ടർ നിജാം, എസ്.സി.പി.ഒ സുരാജ്, സനിൽകുമാർ എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്തത്