”കൂട്ട് ”വിജയം കണ്ടു തുടങ്ങി: പോലീസ് പിടികൂടിയത് രണ്ട് കിലോയിലധികം കഞ്ചാവ് .

കാട്ടാക്കട : യുവജനങ്ങളിലും വിദ്യാര്‍ഥികളിലും മദ്യ – മയക്കുമരുന്ന് ഉപയോഗം പ്രതിരോധിക്കുന്നതിനായി കാട്ടാക്കട നിയോജകമണ്ഡലത്തില്‍ ഐ ബി സതീഷ്‌ എം എല്‍ എ യുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ” കൂട്ട് ”.ഇതിന്‍റെ ഭാഗമായി മാറനല്ലൂര്‍ പഞ്ചായത്തിലെ കണ്ടല,തൂങ്ങാം പാറ ,കൊറ്റംപള്ളി ,അഴകം വാര്‍ഡുകളിലെ ജനങ്ങളെ പങ്കെടുപ്പിച്ച് തിങ്കളാഴ്ച റൂറല്‍ പോലീസ് മേധാവി ബി .അശോകന്‍ ഐ പി എസും എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ ഗോപകുമാറും ഉള്‍പ്പടെ പങ്കെടുത്ത് ബോധവല്‍കരണ പരിപാടി നടത്തിയിരുന്നു .മദ്യ മയക്കുമരുന്ന് മാഫിയകളുടെ പ്രവര്‍ത്തനത്തെ കുറിച്ച് വിവരം ലഭിച്ചാല്‍ അറിയിക്കാനുള്ള നമ്പരുകളും നല്‍കിയിരുന്നു .

ഇതിന് തൊട്ടടുത്ത ദിവസം തന്നെ മാറനല്ലൂര്‍ പോലീസിന് അത്തരത്തില്‍ ഒരു വലിയ കഞ്ചാവ് മാഫിയയെ കുറിച്ചുള്ള കൃത്യമായ വിവരം ലഭിക്കുകയും പോലീസ് ഇന്നലെ രാത്രി തൂങ്ങാം പാറ കണ്ടല സ്റ്റേഡിയത്തിന് പിറകില്‍ ഉള്ള വിപിന്‍ സ്റാന്‍ലി എന്ന ആളുടെ വീട്ടില്‍ റെയ്ഡ് നടത്തി അടച്ചിട്ടിരുന്ന വാതില്‍ ചവിട്ടി തുറന്ന് 2.150 ഗ്രാം കഞ്ചാവും അത് തൂക്കി വില്‍ക്കുന്നതിന് ഉപയോഗിച്ച ഇലക്ട്രോണിക് ത്രാസും പതിനാലായിരം രൂപയും പിടിച്ചെടുത്തു .പത്ത് കിലോയോളം കഞ്ചാവ് കൊണ്ട് വന്ന് വില്പന നടത്തിയ ഒഴിഞ്ഞ ആറോളം പാക്കറ്റുകളും കണ്ടെടുത്തു.

പ്രദേശത്തെ കഞ്ചാവ് മാഫിയാ സംഘത്തിലെ പ്രധാനികളില്‍ ഒരാളായിരുന്ന ഇയാളുടെ ഈ ഇടപാടുകളെ കുറിച്ച് വീട്ടുകാര്‍ക്കോ അയല്‍വാസികള്ക്കോ പോലും ഇതേവരെ അറിവുണ്ടായിരുന്നില്ല .ഇപ്പോള്‍ കഞ്ചാവ് പിടികൂടാന്‍ കഴിഞ്ഞത് ” കൂട്ടിന്റെ ” വിജയമായാണ് നാട്ടുകാരും പോലീസും പറയുന്നത്.